ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ കോഴ ആരോപണങ്ങളെ കുറിച്ചുള്ള യുഎസ് മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. വിഷയം വ്യക്തിപരമായ കാര്യമല്ലെന്നും മറിച്ച് രാജ്യത്തിന്റെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
‘നരേന്ദ്ര മോദി ജി, ഇത് വ്യക്തിപരമായ കാര്യമല്ല, ഇത് രാജ്യത്തിന്റെ കാര്യമാണ്,’ തന്റെ മണ്ഡലം സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസത്തെ ലാല്‍ഗഞ്ചില്‍ ഒരു സമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
യുഎസില്‍ അദാനിക്കെതിരെ അഴിമതിയുടെയും മോഷണത്തിന്റെയും കേസ് നിലവിലുണ്ടെന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു.
‘നമ്മുടെ പ്രധാനമന്ത്രി പറയുന്നത്, ഇത് വ്യക്തിപരമായ കാര്യമാണ്, ഞങ്ങള്‍ അത് ചര്‍ച്ച ചെയ്യുന്നില്ല! അദ്ദേഹം യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍, ട്രംപിനോട് ഇക്കാര്യം ചോദിക്കുകയും അത് അന്വേഷിക്കുമെന്നും ആവശ്യമെങ്കില്‍ അദ്ദേഹത്തെ (യുഎസിലേക്ക്) അന്വേഷണത്തിന് അയക്കുമെന്നും പറയുമായിരുന്നു. പക്ഷേ ഇല്ല, ഇത് വ്യക്തിപരമായ കാര്യമാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു. കഴിഞ്ഞയാഴ്ച തന്റെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍, യുഎസ് പ്രസിഡന്റ് ട്രംപുമായി നടത്തിയ ചര്‍ച്ചയില്‍ അദാനി ഗ്രൂപ്പ് വിഷയം ചര്‍ച്ച ചെയ്തിരുന്നോ എന്ന ചോദ്യത്തിന്, അത്തരം വ്യക്തിപരമായ കാര്യങ്ങള്‍ രാഷ്ട്ര നേതാക്കള്‍ തമ്മില്‍ ചര്‍ച്ച ചെയ്യുന്നില്ലെന്ന് പ്രധാനമന്ത്രി മോദി ശക്തമായി പ്രതികരിച്ചു.
‘ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, നമ്മുടെ സംസ്കാരം ‘വസുധൈവ കുടുംബകം’ ആണ്, ഞങ്ങള്‍ ലോകത്തെ മുഴുവന്‍ ഒരു കുടുംബമായി കാണുന്നു. ഓരോ ഇന്ത്യക്കാരനും എന്റേതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. രണ്ട് രാജ്യങ്ങളിലെ രണ്ട് പ്രമുഖ നേതാക്കള്‍ ഒരിക്കലും ഇത്തരം വ്യക്തിഗത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല,’ ഡൊണാള്‍ഡ് ട്രംപുമായുള്ള ‘ഗൗതം അദാനി കേസ്’ സംബന്ധിച്ച ചര്‍ച്ചകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 20 ന്, ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ ബിസിനസ് ഗ്രൂപ്പിലെ നിരവധി എക്സിക്യൂട്ടീവുകള്‍ക്കുമെതിരെ യുഎസ് അധികാരികള്‍ കുറ്റം ചുമത്തി, ഇന്ത്യയിലെ സൗരോര്‍ജ്ജ പദ്ധതി കരാറുമായി ബന്ധപ്പെട്ട 250 മില്യണ്‍ ഡോളര്‍ കൈക്കൂലി പദ്ധതിയില്‍ അവര്‍ പങ്കാളിയാണെന്ന് ആരോപിച്ചു.
യുഎസ് നീതിന്യായ വകുപ്പിന്റെ കുറ്റപത്രത്തില്‍ ഗൗതം അദാനി, അദ്ദേഹത്തിന്റെ അനന്തരവന് സാഗര്‍ അദാനി, മറ്റ് കൂട്ടാളികള്‍ എന്നിവരെ പരാമര്‍ശിച്ചു. ആരോപണങ്ങളില്‍ സെക്യൂരിറ്റികളും വയര്‍ തട്ടിപ്പും ഉള്‍പ്പെടുന്നു, വ്യാപകമായ കൈക്കൂലിയില്‍ ഏര്‍പ്പെടുന്നതിനിടയില്‍ അവരുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് യുഎസ് നിക്ഷേപകരെ ഗ്രൂപ്പ് തെറ്റിദ്ധരിപ്പിച്ചു എന്ന അവകാശവാദവുമായി.
ആരോപണങ്ങള്‍ നിഷേധിച്ച് ബിസിനസ് ഗ്രൂപ്പ് രംഗത്തെത്തി. ”അദാനി ഗ്രീനിന്റെ ഡയറക്ടര്‍മാര്‍ക്കെതിരെ യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ്, എസ്ഇസി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും നിരാകരിക്കുന്നതുമാണ്,” ഗ്രൂപ്പ് പറഞ്ഞു.


