സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനും ചാന്‍സലര്‍ക്കും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഡോ. മോഹന്‍ കുന്നുമ്മലിന് കേരള വിസിയുടെ അധികച്ചുമതല നല്‍കിയത് ചോദ്യം ചെയ്തുള്ള ഹരജിയിലെ വിധിയിലാണു വിമര്‍ശനം. സ്ഥിരം വിസിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ലെന്നും പ്രശ്നം പരിഹരിച്ച് സ്ഥിരം വിസിമാരെ നിയമിക്കാന്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മയ്ക്കായിരിക്കണം പ്രാധാന്യമെന്നും ഇതിനായി സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും ചേര്‍ന്ന നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്തെ 13 സര്‍വകലാശാലകളില്‍ 12 എണ്ണത്തിലും സ്ഥിരം വിസിമാരില്ല. ഇത് ഉന്നത വിദ്യാഭ്യാസ മേഖലയെ ക്ഷീണിപ്പിക്കുമെന്ന അതൃപ്തി കോടതി പ്രകടിപ്പിച്ചു. വിസി നിയമനവുമായി ബന്ധപ്പെട്ട് നിരന്തരം ഹരജികള്‍ വരുന്ന സ്ഥിതിയുണ്ട്. ഇതും വിദ്യാഭ്യാസ മേഖലക്ക് ഗുണം ചെയ്യില്ലെന്നും ഇതിന് പരിഹാരം കാണണമെന്നും കോടതി അഭിപ്രായപ്പെട്ടു.


