നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പിണറായിസത്തിനുള്ള മറുപടിയായിരിക്കുമെന്ന് പി.വി അന്‍വര്‍. മൂന്നാമതും പിണറായി വരില്ലെന്ന് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഉറപ്പിക്കുമെന്നും പി.വി അന്‍വര്‍ പറഞ്ഞു.
നിലമ്പൂരില്‍ പിണറായി വിജയന് മത്സരിച്ചാലും വിജയിക്കില്ലെന്നും പി വി അന്‍ലര്‍ പറഞ്ഞു. നാലാം വാര്‍ഷികം ആഘോഷിക്കുന്ന സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും സൗകര്യം ചെയ്തുകൊടുത്തു എന്നതിലപ്പുറം എന്ട് ചെയ്തെന്നും പി വി അന്‍വര്‍ ചോദിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ആരായാലും നിരുപാധിക പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19നും വോട്ടെണ്ണല്‍ ജൂണ്‍ 23 നുമാണ് നടക്കുക. നിലമ്പൂര്‍ അടക്കം അഞ്ചിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. നോമിനേഷന് സമര്‍പ്പിക്കേണ്ട അവസാന ദിവസം ജൂണ്‍ രണ്ടാണ്. സൂക്ഷ്മപരിശോധന ജൂണ്‍ മൂന്നിന് നടക്കും. നോമിനേഷന് പിന്‍വലിക്കേണ്ട അവസാനദിനം ജൂണ്‍ അഞ്ചാണ്. പി.വി അന്‍വര്‍ രാജിവെച്ച സാഹചര്യത്തിലാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളുടെ മനസില്‍ വേദന നല്കിയ സമരമാണ് ആശ സമരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ സര്‍ക്കാരായി വന്ന് പരിപൂര്‍ണമായി ഇത്രയും പെട്ടെന്ന് കോര്‍പ്പറേറ്റിസത്തിലേക്ക് നീങ്ങിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ലോകത്തെവിടെയും കാണില്ലെന്നും അന്‍വര്‍ പറഞ്ഞു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് പി വി അന്‍വര്‍ നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. ഉപതിരഞ്ഞെടുപ്പ് എത്രയും വേഗത്തില്‍ നടത്തണമെന്ന് ആവശ്യമുന്നയിച്ചായിരുന്നു അന്‍വറിന്റെ കത്ത്. ഇനിയും വൈകിയാല്‍ നിയമ നടപടിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും പി വി അന്‍വര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു.


