ലണ്ടന്‍: വടക്കന്‍ മാസിഡോണിയയിലെ നൈറ്റ് ക്ലബിലുണ്ടായ തീപ്പിടിത്തത്തില്‍ 51 പേര് മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രി പാഞ്ചെ തോഷ്കോവ്സ്കി പറഞ്ഞു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
തലസ്ഥാന നഗരമായ സ്കോപ്ജേയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള കോക്കാനി കൊക്കാനിയിലെ ‘പള്‍സ്’ നിശാക്ലബിലാണ് തീപിടുത്തമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ക്ലബ്ബിനുള്ളില്‍ കരിമരുന്ന് പ്രയോഗങ്ങള്‍ നടത്തിയതാണ് തീപിടിക്കാന്‍ കാരണമായത്. മേല്‍ക്കൂരക്ക് തീപിടിച്ചതിന് പിന്നാലെ കെട്ടിടത്തിലാകെ തീ പടരുകയായിരുന്നു. ഹിപ് ഹോപ് ബാന്‍ഡ് ആയ ഡി.എന്‍.കെയുടെ സംഗീത പരിപാടി നടക്കുന്നതിനിടെയായിരുന്നു തീപ്പിടിത്തം. പുറത്തുവന്ന വിഡിയോകളിലും സ്റ്റേജില്‍നിന്ന് ആകാശത്തേക്ക് തീപ്പൊരികള്‍ വിട്ടിരുന്നതായി കാണാം. ഇവയാണ് തീപിടത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
ദുരന്തത്തില്‍ പരിക്കേറ്റ 80-ലധികം പേരെ രാജ്യത്തിന്റെ തലസ്ഥാന നഗരമായ സ്കോപ്ജെയിലെ ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും കൊണ്ടുപോയതായി സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ എംഐഎ റിപ്പോര്‍ട്ട് ചെയ്തു.
അപകടത്തില്‍ മരിച്ചവര്‍ക്ക് നോര്‍ത്ത് മാസിഡോണിയന്‍ പ്രധാനമന്ത്രി ഹ്രിസ്റ്റിജാന്‍ മിക്കോസ്കി അനുശോചനം അറിയിച്ചു. ‘ഇത് വളരെ ദുഷ്കരവും ദുഃഖകരവുമായ ദിവസമായിരുന്നു. ഇത്രയും ചെറുപ്പക്കാരുടെ നഷ്ടം നികത്താനാവാത്തതാണ്. കുടുംബങ്ങളുടെയും, അടുത്തവരുടെയും, സുഹൃത്തുക്കളുടെയും വേദന അളക്കാനാവാത്തതാണ്,’ അദ്ദേഹം എക്സില്‍ കുറിച്ചു.


