കൊല്ലത്ത് പേവിഷബാധയേറ്റ് മരിച്ച നിയ ഫൈസലിന്റെ മൃതദേഹം ഖബറടക്കി. പുനലൂരിലെ ആലഞ്ചേരി മുസ്ലിം ജമാഅത്ത്പള്ളിയിലായിരുന്നു ഖബറടക്കം. പൊതുദര്‍ശനത്തിന് വെക്കാതെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് നേരെ ഖബറടക്കാനാണ് കൊണ്ടുവന്നത്. അതേസമയം, കുട്ടിയുടെ മാതാവിനെ ക്വാറന്റൈനിലാക്കുകയും ചെയ്തു. തെരുവ് നായയുടെ കടിയേറ്റ് പേവിഷബാധ സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു നിയ മരിച്ചത്.
കഴിഞ്ഞ എട്ടാം തീയതി ആയിരുന്നു വീടിനുമുമ്പില്‍ കളിച്ചുകൊണ്ടിരുന്ന നിയയെ തെരുവുനായ ആക്രമിച്ചത്. എല്ലാ പ്രതിരോധ വാക്സിനും എടുത്തിട്ടും കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. മെയ് ഒന്നാം തീയതിയാണ് എസ്എടിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്.
തന്റെ കണ്മുന്നില്വെച്ചാണ് പട്ടി കുഞ്ഞിനെ കടിച്ചുകീറിയതെന്ന് മാതാവ് പറയുന്നു. ‘അവിടെ വേസ്റ്റ് കൊണ്ടിടരുതെന്ന് എല്ലാവരോടും പറഞ്ഞു. ഒരു മനുഷ്യനും കേട്ടില്ല. അത് തിന്നാന്‍ വന്ന പട്ടിയാണ് എന്റെ കുഞ്ഞിനെ കടിച്ചുകീറിയത്. ഞാന്‍ ഓടിച്ചുവിട്ട പട്ടി എന്റെ കണ്മുന്നില്വെച്ചാണ് കുഞ്ഞിനെ കടിച്ചുകീറിയത്.അപ്പഴേ എടുത്തുകൊണ്ടുപോയി വേണ്ടതൊക്കെ ചെയ്തു,ദേ അവളെ ഇപ്പോള്‍ കൊണ്ടുപോയി.ഇനി എനിക്ക് കാണാന്‍ പറ്റില്ല.ഇനിയും പട്ടികളെ വളര്‍ത്ത്..’..കണ്ണീരോടെ നിയയുടെ മാതാവ് പറഞ്ഞു.ഈ ഒരു അവസ്ഥ ആര്‍ക്കും വരരുത് കുട്ടിയുടെ പിതാവ് പറഞ്ഞു. ഒരു മാസത്തിനിടെ മൂന്ന് കുട്ടികളാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത്.


