ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍. ഹമാസ് ബന്ദികളെ മോചിപ്പിച്ചിട്ടും ഇസ്രായേല്‍ 600 ഫലസ്തീന് തടവുകാരെ പുറത്ത് വിട്ടില്ല. വെടിനിര്‍ത്തല്‍ കരാറിലെ വലിയ തിരിച്ചടിയാണ് ഇസ്രാഈല്‍ നടപടിയെന്നാണ് വിമര്‍ശനം.
ശനിയാഴ്ച കരാര്‍ പ്രകാരം ആറ് ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു. എന്നാല്‍, തടവുകാരെ പുറത്തുവിടാന്‍ ഇസ്രാഈല്‍ തയാറായിട്ടില്ല. ഹമാസ് അടുത്ത തവണ ബന്ദികളെ കൈമാറുന്നത് ഉറപ്പാക്കുന്നതുവരെ ഫലസ്തീന് തടവുകാരുടെ മോചനം വൈകിപ്പിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇസ്രാഈല്‍ ഫലസ്തീന് തടവുകാരെ വിട്ടയക്കാത്തത് വെടിനിര്‍ത്തല്‍ കരാറിന്റെ നഗ്നമായ ലംഘനമാണെന്ന വിമര്‍ശനവുമായി ഹമാസ് രംഗത്തെത്തി. അതേസമയം, ഇസ്രാഈല്‍ ഗസ്സയില്‍ നടത്തിയ ആക്രമണങ്ങളില്‍ മരിച്ചവരുടെ പുതിയ കണക്കുകള്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടു. 48,319 ഫലസ്തീനികള്‍ ആക്രമണങ്ങളില്‍ മരിച്ചുവെന്നും 1,11,749 പേര്‍ക്ക് പരിക്കേറ്റുവെന്നും കണക്കുകളില്‍ നിന്നും വ്യക്തമാകും.
നേരത്തെ ആറ് ബന്ദികളെ റെഡ് ക്രോസിനാണ് ഹമാസ് കൈമാറിയത്. റെഡ് ക്രോസാണ് ബന്ദികളെ ഇസ്രാഈലിന് കൈമാറുക. അതിനിടെ, ബന്ദിയായിരിക്കെ മരിച്ച ഷിറീ ബീബസിന്റെ യഥാര്‍ഥ മൃതദേഹം ഹമാസ് കൈമാറിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. റെഡ്ക്രോസിനാണ് മൃതദേഹം കൈമാറിയത്. മൃതദേഹം പരിശോധിച്ച് ഷിറീ ബീബസ് തന്നെയാണോ എന്ന് ഉറപ്പാക്കാന്‍ ഇസ്രായേല്‍ നടപടികള്‍ തുടങ്ങി.


