നെന്മാറ ഇരട്ട കൊലക്കേസില്‍ പിടിയിലായ പ്രതി ചെന്താമരയെ നെന്മാറ പൊലീസ് സ്റ്റേഷനില്‍ മുന്നിലെ സംഘര്‍ഷം കണക്കിലെടുത്ത് ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെയായിരുന്നു പൊലീസിന്റെ നാടകീയ നീക്കം.
പ്രതിയെ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് നെന്മാറ സ്റ്റേഷന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. സ്റ്റേഷന്റെ ഗേറ്റ് തകര്‍ത്ത നാട്ടുകാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശിയത് സംഘര്‍ഷത്തിന് വഴിയൊരുക്കി. ഇന്ന് പ്രതിയെ വീണ്ടും വൈദ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനാണ് തീരുമാനം.
ഇന്നലെ രാത്രി പത്തരയോടെയാണ് ചെന്താമരയെ പോത്തുണ്ടി മാട്ടായിയിലുള്ള വീടിന് സമീപത്തെ വയലില്‍ നിന്ന് പിടികൂടിയത്. പോത്തുണ്ടി മലയിലായിരുന്ന ചെന്താമര വിശന്നപ്പോള്‍ മലയിറങ്ങിയതായിരുന്നു. പ്രതിക്ക് വിശപ്പ് സഹിക്കാനാകില്ലെന്നും ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ ഒരുകൂസലുമില്ലാതെ നിന്ന പ്രതി അബദ്ധത്തില്‍ സംഭവിച്ചതാണ് കൊലപാതകമെന്ന മൊഴിയായിരുന്നു നല്‍കിയത്.
ചെന്താമരയെ തൂക്കികൊല്ലണമെന്നും ആരുടെയും വാക്ക് വിശ്വാസമില്ലെന്നും കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍ പറഞ്ഞു . പുറത്തിറങ്ങാന്‍ ഭയമാണ്, തങ്ങള്‍ക്ക് അച്ഛനെയും അമ്മയെയും അച്ഛമ്മയെയും നഷ്ടപ്പെട്ടു. നീതി കിട്ടണമെങ്കില്‍ പ്രതിയെ കൊല്ലണമെന്നും അവര്‍ പറഞ്ഞു.


