നെന്മാറ ഇരട്ടക്കൊലക്കേസ് ചെന്താമരയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ മൂന്ന് മണി വരെയാണ് ചെന്താമരയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ആലത്തൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പ്രതി ചെന്താമരയെ പോത്തുണ്ടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ജനരോഷം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സ്ഥലത്ത് വന്‍ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അയല്‍വായികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയ സ്ഥലത്തടക്കം പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തും. ഒരു മണിയോടെ പ്രതി ചെന്താമരയെ കൊലപാതകം നടന്ന പോത്തുണ്ടിയില്‍ എത്തിക്കാനാണ് നീക്കം. കൂടാതെ, പ്രതി ഒളിച്ചു താമസിച്ചിരുന്ന സ്ഥലത്തും ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന ഇയാളുടെ വീട്ടിലും തെളിവെടുപ്പ് നടത്തും.
പ്രതി കൃത്യം ചെയ്തത് വിശദീകരിക്കുന്നതായിരിക്കും രേഖപ്പെടുത്തുക. അന്വേഷണസംഘം വീഡിയോ ആയി റെക്കോര്‍ഡ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
പ്രതിയെ പിടികൂടിയിരുന്ന സമയത്ത് നല്കിയ മൊഴിയില്‍ പറയുന്ന കാര്യങ്ങളില്‍ അടക്കം വ്യക്തതവരുത്തുകയാണ് ചെയ്യുക. അതേസമയം വീണ്ടെടുത്ത ആയുധങ്ങളും ശാസ്ത്രീയ തെളിവുകളും വിശകലനം ചെയ്യും.
നെന്മാറ, മംഗലംഡാം, വടക്കഞ്ചേരി, കൊല്ലങ്കോട്, ആലത്തൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ എ.ആര്. ക്യാമ്പില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ 500 പൊലീസുകാരെ സുരക്ഷയുടെ ഭാഗമായി പ്രദേശത്ത് വിന്യസിച്ചു.


