ന്യൂഡല്‍ഹി: ദേശീയപാത 66 ല്‍ കൂരിയാട് ഭാഗത്ത് ഉണ്ടായ തകര്‍ച്ച സംബന്ധിച്ച് ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ നേരില്‍ കണ്ട് അപകടത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കത്ത് നല്കി.
നിര്‍മ്മാണം നടക്കുന്ന ഈ ഭാഗത്ത് ഉണ്ടായ അപകടത്തില്‍ നിന്ന് യാത്രക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. നിര്‍മ്മാണത്തിലെ ഗൗരവമായ പിഴവുകള്‍ കൊണ്ടാണ് റോഡ് തകര്‍ന്നതെന്നാണ് മനസ്സിലാക്കുന്നതെന്ന് എംപി മന്ത്രിയോട് പറഞ്ഞു. ഇത്തരത്തില്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ദേശീയപാത അതോറിറ്റി അതിനെ ഗൗരവത്തോടെ കാണുന്നില്ല.
ദേശീയ പാത 66 ന്റെ നിര്‍മ്മാണത്തെ കുറിച്ച് ക്രമക്കേടും അപാകതയും ഉണ്ടായെന്ന പരാതിയെക്കുറിച്ചു അന്വേഷിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള പാതയില്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ പതിവായിരികയാണെന്നും ഇത് സംസ്ഥാനമാകെയുള്ള പ്രശ്നമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും പരിഗണിച്ചുള്ള നിര്‍മ്മാണം ആവശ്യമാണെന്നും, മണ്‍സൂണ്‍ കാലത്ത് വിള്ളലുകളും തകരാറുകളും പതിവാകുന്നതായും എം.പി ചൂണ്ടിക്കാട്ടി.
ഇത്തരം പ്രശ്നങ്ങള്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നാലും ആവശ്യമായ നടപടികള്‍ സ്വീകരിക്കാതെ അവ അവഗണിക്കുകയാണ് പതിവ്.
നിര്‍മ്മാണത്തില്‍ പാകപ്പിഴ ഉണ്ടെങ്കില്‍ കൃത്യമായ പരിശോധന നടത്തി ഉത്തരവാദികളായ കരാര്‍ കമ്പനിക്കെതിരെ തിരെ നടപടി സ്വീകരിക്കണമെന്നും മന്ത്രിയോട് എംപി ആവശ്യപ്പെട്ടു.
ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. കരാര്‍ കമ്പനിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എംപിയെ അറിയിച്ചു.


