മ്യാന്‍മറിലുണ്ടായ ഭൂചലനത്തില്‍ മരണം നൂറ് കടന്നതായി റിപ്പോര്‍ട്ട്. 70 പേരെ കാണാതായതായി വിവരമുണ്ട്. തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്ന നിരവധി ആളുകള്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മ്യാന്മറിലുണ്ടായത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തായ്ലന്ഡിലെ ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍ തുറന്നു. മ്യാന്മറിലും,ബാങ്കോക്കിലും ഭരണത്തിലുള്ള സൈന്യം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഭൂചലനത്തില്‍ മണ്ഡലയിലെ കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞതായും സുപ്രധാന ദേശീയ പാതകള്‍ പലതും മുറിഞ്ഞു മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. സാഗയിംഗ് നഗരത്തിന് 16 കിലോമീറ്റര്‍ (10 മൈല്‍) വടക്കുപടിഞ്ഞാറായി 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇത് ഏകദേശം 1.2 ദശലക്ഷം ജനസംഖ്യയുള്ള മ്യാന്മറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ഡലയില്‍ നിന്ന് ഏകദേശം 17.2 കിലോമീറ്റര്‍ അകലെയാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ന് ഉച്ചയ്ക്ക് പ്രാദേശിക സമയം 12.50 നാണ് ഭൂചലനം രേഖപ്പെടുത്തിയത്. മ്യാന്മറിലെ ഭൂചലനത്തിന് പിന്നാലെ വടക്കന്‍ തായ്ലന്‍ഡിലും ബാങ്കോക്കിലും 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. മ്യാന്മര് ഭൂകമ്പത്തിന്റെ പ്രകമ്പനം വിയറ്റ്നാമിലും പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലും മണിപ്പൂരിലെ ഇംഫാലിലും നേരിയ ഭൂകമ്പങ്ങള്‍ അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.


