കോഴിക്കോട് : മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി ശാഖ മുതല്‍ സംസ്ഥാനതലം വരെയുള്ള സമ്മേളനങ്ങള്‍ക്ക് ജൂണ്‍ 25ന്, ബുധനാഴ്ച തുടക്കമാകും. അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തില്‍ നത്തിയ മെമ്പര്‍ഷിപ്പ് കാമ്പയിനില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഗൃഹ സമ്പര്‍ക്കത്തിലൂടെയാണ് അംഗത്വ വിതരണത്തിന് ശാഖാ കമ്മറ്റികള്‍ നേതൃത്വം നല്‍കിയത്. സാമൂഹ്യ വിഷയങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്ന മുസ്ലിം യൂത്ത് ലീഗിന് വന്‍ സ്വീകാര്യതയാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലൂടെ ലഭിച്ചിട്ടുള്ളത്. അരാഷ്ട്രീയവാദം കൊണ്ടും ലഹരി പോലുള്ള സാമൂഹ്യ തിന്മകള് കൊണ്ടും പിടിമുറുക്കപ്പെട്ട യുവത്വത്തെ ബോധവാന്മാരാക്കി സാമൂഹ്യ മുന്നേറ്റത്തിന് വഴിയൊരുക്കുന്നവരാക്കുക എന്ന ക്രിയാത്മക ദൗത്യമാണ് യൂത്ത് ലീഗ് ഏറ്റെടുത്തിട്ടുള്ളത്. മുസ്ലിം യൂത്ത് ലീഗിന്റെ ആശയാദര്‍ശങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കുന്നതോടൊപ്പം അംഗങ്ങളുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതോടെയാണ് മെമ്പര്‍ഷിപ്പ് പ്രക്രിയ അവസാനിച്ചിട്ടുള്ളത്.
അംഗത്വ വിതരണം പൂര്‍ത്തിയാക്കി സമ്മേളനങ്ങളും കമ്മിറ്റി രൂപീകരണവും ജൂണ്‍ 25 മുതല്‍ ആരംഭിക്കും. ജൂലൈ 31 വരെ ശാഖാ സമ്മേളനങ്ങളും കമ്മിറ്റി രൂപീകരണവും, ആഗസ്ത് 1 മുതല്‍ 31 വരെ പഞ്ചായത്ത് സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും, സപ്തംബര്‍ 1 മുതല്‍ 30 വരെ മണ്ഡലം സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും 2026 ജനുവരി 1 മുതല്‍ 25 വരെ ജില്ലാ സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും നടക്കും. 2026 ജനുവരി 30, 31 ഫിബ്രുവരി 1 തിയ്യതികളില്‍ സംസ്ഥാന സമ്മേളനവും തുടര്‍ന്ന് പുതിയ സംസ്ഥാന കമ്മറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്യും.
മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായുള്ള ശാഖാ സമ്മേളനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ 25 ന് കൊടുവള്ളി മണ്ഡലത്തിലെ സി.എം മടവൂര്‍ ശാഖയില്‍ നടക്കും. മെമ്പര്‍ഷിപ്പ് ക്യാമ്പയിന് പ്രവര്‍ത്തനം വിജയിപ്പിച്ച മുഴുവന്‍ ഘടകങ്ങളെയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അഭിനന്ദിച്ചു. ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന സമ്മേളനങ്ങളും കമ്മിറ്റി രൂപീകരണവും വിജയിപ്പിക്കാന്‍ പ്രവര്‍ത്തകരും കമ്മറ്റികളും രംഗത്തിറങ്ങണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു.


