തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും കേരള നിയമസഭയിലേക്കും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തന പരിപാടികള്‍ക്ക് മലപ്പുറത്ത് ചേര്‍ന്ന മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി യോഗം രൂപം നല്കി. ശാഖാതലം മുതല്‍ മേല്ഘടകങ്ങള് വരെ ചിട്ടയോടും വ്യവസ്ഥാപിതമായും സംഘടനാ പ്രവര്‍ത്തനം ചടുലമാക്കുന്നതിന് പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്ക്കരിച്ചു. പാര്‍ട്ടിയുടെയും പോഷക ഘടകങ്ങളുടെയും പ്രവര്‍ത്തന പദ്ധതികളില്‍ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ പ്രധാന അജണ്ടയാകും. സംസ്ഥാന സര്‍ക്കാറിന്റെ ദുര്‍ഭരണത്തില്‍നിന്ന് കേരള ജനതയെ രക്ഷിക്കാന്‍ മുന്നണി ബന്ധം ശക്തിപ്പെടുത്തി യു.ഡി.എഫ് സംവിധാനത്തിന് ശക്തി പകരാന്‍ മുസ്ലിംലീഗ് നേതാക്കളും പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണമെന്ന് യോഗം ആഹ്വാനം ചെയ്തു. കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളുടെ തനിപ്പകര്‍പ്പുമായി കേരളം ഭരിക്കുന്ന ഇടതുസര്‍ക്കാറിന്റെ ദുര്‍ഭരണത്തെ തുറന്ന് കാട്ടാന്‍ പ്രചാരണ പരിപാടികള്‍ ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.
അനധികൃത കുടിയേറ്റക്കാരെന്ന് ആക്ഷേപിച്ച് അമേരിക്കയില്‍നിന്ന് ഇന്ത്യക്കാരെ കാല്‍ചങ്ങലകളും കൈവിലങ്ങുമണിയിച്ച് അപമാനകരമായ രീതിയില്‍ നാടുകടത്തിയ അമേരിക്കന്‍ ഭീകരതയോട് പ്രതിഷേധിക്കാന്‍ പോലും തയ്യാറാവാത്ത കേന്ദ്ര സര്‍ക്കാറിന്റെ നിസ്സംഗതയില്‍ യോഗം പ്രതിഷേധിച്ചു. കോര്‍പ്പറേറ്റ് ഭീമന്മാരുടെയും കുത്തക കമ്പനികളുടെയും കടന്നുകയറ്റം മൂലം മത്സ്യസമ്പത്ത് നഷ്ടമാകുന്ന തീരദേശവാസികളെ കൂടുതല്‍ പ്രയാസപ്പെടുത്തുന്ന കടല്‍മണല്‍ ഖനന അനുമതി പാവപ്പെട്ട തീരദേശവാസികള്‍ക്ക് നേരെയുള്ള ആക്രമണമാണെന്നും ഇതിനെതിരെ മുസ്ലിംലീഗ് സ്വന്തം നിലക്കും മുന്നണി സംവിധാനത്തിലും സമരം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.


