ന്യൂനപക്ഷാവകാശ പോരാട്ടത്തിൽ മറ്റൊരു പോർമുഖം തുറക്കാൻ കോഴിക്കോട് കടപ്പുറം ഒരുങ്ങി. വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാറാലി ഇന്ന് വൈകിട്ട് മൂന്നിന്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷങ്ങൾ ഒഴുകിയെത്തുന്ന മഹാസമ്മേളനം ഭരണഘടനാ സംരക്ഷണ വിളംബരമാകും. വഖഫ് നിയമ ഭേദഗതിക്കെതിരെ ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ റാലിക്കാണ് കോഴിക്കോട് ഒരുങ്ങുന്നത്.
ബസ്സുകളിലും വാഹനങ്ങളിലുമായി എത്തുന്ന പ്രവർത്തകർ ഗതാഗത നിർദേശങ്ങൾ പാലിച്ച് വാഹനങ്ങളിൽനിന്നിറങ്ങി ചെറു പ്രകട നങ്ങളായാണ് സമ്മേളന നഗരിയിലേക്ക് എത്തിച്ചേരുക. മഹാറാലി വൻ വിജയമാക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രവർത്തകരോട് ആഹ്വാനം ചെയ്തു. രാജ്യത്തെ വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനും മതവിശ്വാസമനുസരിച്ച് അവ കൈകാര്യം ചെയ്യുന്നത് ഇല്ലാതാക്കാനുമുള്ള കേന്ദ്ര ഗവൺമെന്റിന്റെ നയങ്ങൾക്കെതിരെ നടത്തുന്ന ശക്തമായ ജനകീയ പ്രതിഷേധമാണ് മുസ്ലിംലീഗ് സംഘടിപ്പിക്കുന്നത്. ഈ ലക്ഷ്യത്തിന്റെ പവിത്രതക്ക് അനുയോജ്യമായ വിധത്തിലായിരിക്കണം പ്രതിഷേധ പരിപാടികളെന്നും തങ്ങൾ പറഞ്ഞു.


