ബുധനാഴ്ച കോഴിക്കോട് കടപ്പുറത്ത് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വഖഫ് സംരക്ഷണ മഹാറാലിക്ക് ഒരുക്കങ്ങളായി. ഭരണഘടനാ വിരുദ്ധമായ വഖഫ് നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ജനലക്ഷങ്ങൾ കോഴിക്കോട്ടേക്ക് ഒഴുകിയെത്തും. മഹാറാലിയുടെ ഒരുക്കങ്ങൾ സജീവമായി നടന്നുവരികയാണ്. ആയിരക്കണക്കിന് വാഹനങ്ങളിലായി കോഴിക്കോട് കടപ്പുറത്തേക്ക് ചെറുപ്രകടനങ്ങളായി പ്രവർത്തകർ എത്തിച്ചേരും. റാലിയുടെ പ്രചാരണത്തിനും കോഴിക്കോട്ടേക്ക് എത്തുന്നതിനും ശാഖാതലങ്ങളിൽ ഒരുക്കങ്ങളായിട്ടുണ്ട്. ജില്ലകളിൽനിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം വലിയൊരു ജനസഞ്ചയം തന്നെ പ്രതിഷേധ മഹാറാലിയിൽ അണിനിരക്കും.
ഭരണഘടനയെ പിച്ചിച്ചീന്തുകയും മതസ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ രാജ്യത്തെമ്പാടും പ്രതിഷേധങ്ങൾ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായാണ് മുസ്ലിംലീഗും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്. പാർലിമെന്റിൽ ശക്തമായ പ്രതിരോധത്തിന് ശേഷം സുപ്രിംകോടതിയെ സമീപിച്ചുകൊണ്ടുള്ള നിയമ പോരാട്ടത്തിനും മുസ്ലിംലീഗ് രംഗത്തുണ്ട്. കേന്ദ്രത്തിന്റെ സ്വേച്ഛാധിപത്യ നയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുന്നതിന്റെ ഭാഗമായാണ് മഹാറാലി സംഘടിപ്പിക്കുന്നത്. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച മുദ്രവാക്യങ്ങൾ മാത്രമാണ് പ്രകടനങ്ങളിൽ വിളിക്കേണ്ടതെന്നും അച്ചടക്കത്തോടെയുള്ള ജനാധിപത്യ പ്രതിഷേധത്തിനാണ് കോഴിക്കോട് കടപ്പുറം വേദിയാകുന്നതെന്നും നേതാക്കൾ അറിയിച്ചു.


