സംഘ് പരിവാറിന്റെ വർഗീയ ഫാസിസ്റ്റ് പ്രവര്ത്തനങ്ങൾക്കെതിരെ കാസർഗോഡിൽ മുസ്ലിം ലീഗ് ശക്തമായി മുന്നേറുകയാണ്. മുസ്ലിം ലീഗിന്റെ മതേതര രാഷ്ട്രീയവും സാമൂഹ്യ പ്രവർത്തനങ്ങളും കെഎംസിസിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുമാണ് ജനമനസ്സുകളിൽ ലീഗിന്റെ സ്ഥിരം സാന്നിധ്യം നേടാൻ ഇടയാക്കുന്നത് . ഇതിന്റെ ഫലമായാണ് രണ്ട് എം.എൽ.എമാരെയും ഒരു എം.പിയെയും കാസർഗോഡിലെ ജനങ്ങൾ നിയമസഭയിലും പാർലമെന്റിലേക്കും വിജയിപ്പിച്ചത് എന്നും, സംഘടനാ മുന്നേറ്റത്തിന് നേതൃത്വത്തിന്റെ നിർദേശങ്ങൾ അനുസരിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്നും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുൽറഹ്മാൻ പറഞ്ഞു.
ഹൃസ്വ സന്ദർശനത്തിനായി എം.എൽ.എ മാരായ എം.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മായിൽ വയനാട് , മുൻ ജിദ്ദ കെഎംസിസി ട്രഷറർ അൻവർ ചേരങ്കൈ, ജിദ്ദയിലെ പ്രമുഖ വ്യവസായിയും കെഎംസിസി നേതാവുമായ അബ്ദുസ്സലാം (സല്ലു) കാസർകോട് എന്നിവരോടൊപ്പം ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫീസിലെത്തിയ നേതാക്കൾക്ക് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. .
നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ യു.ഡി.ഫിനു ലഭിച്ച വിജയം പിണറായി സർക്കാരിന്റെ ഭരണത്തിനെതിരായുള്ള ജനവികാരം പ്രകടമാക്കുന്നുവെന്നുംതദ്ദേശ സ്വയംഭരണം നിയമസഭ തിരഞ്ഞെടുപ്പുകളിലും ഇത് പ്രതിഫലിക്കുമെന്നും എം.എൽ.എ മാരായ എം.എ. നെല്ലിക്കുന്നും എ.കെ.എം. അഷ്റഫും അഭിപ്രായപ്പെട്ടു. ഭൂരിപക്ഷ ന്യൂനപക്ഷ വിഭാഗീയത സൃഷ്ടിച്ചു വോട്ടു നേടാനുള്ള ശ്രമമായി മുസ്ലിം വിഷയങ്ങൾ വർഗീയവൽക്കരിച്ച സി.പി.എം. പ്രവർത്തനം തുടരുകയാണ് എന്നും അതിനെതിരെ ജാഗ്രത വേണമെന്നും അവർ മുന്നറിയിപ്പ് നൽകി.
ലോകത്ത് തന്നെ ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങളുടെ ബ്രാൻഡായാണ് കെഎംസിസിയെ അറിയപെടുന്നതെന്നും സമൂഹങ്ങൾക്കിടയിൽ ജനനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലീഗിന്റെയും കെഎംസിസിയുടെയും യാത്ര സംഘങ്ങളാണ് എത്തിച്ചേരുന്നിടത്തെല്ലാം രാഷ്ട്രീയ സേവന പ്രവർത്തനങ്ങൾ നടത്തിയാണ് ഉദാത്തമായ രാഷ്ട്രീയ പ്രവർത്തനം കാഴ്ച്ച വെക്കുന്നതെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മായിൽ സാഹിബ് വയനാട് അഭിപ്രായപ്പെട്ടു.
അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു വി.പി. മുസ്തഫ സ്വാഗതവും അബ്ദുൽറഹ്മാൻ വെള്ളിമാടക്കുന്ന് നന്ദി പറഞ്ഞു. എ കെ ബാവ, ഹസ്സൻ ബത്തേരി, നാസർ മച്ചിങ്ങൽ, അഷ്റഫ് താഴെക്കോട്, ഹുസൈൻ കരിങ്കറ, ലത്തീഫ് വെള്ളമുണ്ട , മുഹമ്മദ് കുട്ടി പാണ്ടിക്കാട്, മുസ്തഫ കോഴിശ്ശേരി, നൗഫൽ ഉള്ളാടൻ, വഹാബ് വടകര , മൂസ പട്ടത്ത്, ആബിദ് പട്ടാമ്പി എന്നിവർ നേതൃത്വം നൽകി.


