മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ച നാഗ്പൂരിലെ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടികള്‍ക്ക് 2025-26 അധ്യായന വര്‍ഷത്തേക്ക് പ്രവേശനം നല്‍കരുതെന്ന് പറഞ്ഞെന്ന പരാതിയെ തുടര്‍ന്നാണ് സിറ്റി പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്.
മെയ് 8ന് ആറാം ക്ലാസ് പ്രവേശനത്തിനായി സമീപിച്ച കുടുംബത്തിനോട് സീറ്റ് ഒഴിവില്ലെന്നാണ് സ്റ്റാഫ് അംഗം അനിത ആര്യ അവരോട് പറഞ്ഞത്. എന്നാല്‍ അസിസ്റ്റന്റ് ടീച്ചര്‍ നടത്തിയ അന്വേഷണത്തില്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് സ്കൂള്‍ ട്രസ്റ്റി രാജേഷ് ലാല്‍വാനി നിര്‍ദേശം നല്‍കിയതായി കണ്ടെത്തി. തുടര്‍ന്ന് വിഷയം, പ്രിന്‍സിപ്പലിനെ അറിയിക്കുകയും വിദ്യാര്‍ഥിയുടെ കുടുംബത്തോടൊപ്പം പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ആണ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ മതവികാരം വ്രണപ്പെടുത്തുകയും കുടുംബത്തെ മാനസികമായി തളര്‍ത്തുകയും ചെയ്തതിന് മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.


