ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടിയിട്ടും കൊലപാതകം നടത്തിയതിന്റെ കാരണത്തില്‍ വ്യക്തത വരുത്താനാകാതെ പൊലീസ്. കുട്ടിയുടെ അമ്മ ശ്രീതുവിനോടുള്ള സഹോദരന് ഹരികുമാറിന്റെ താത്പര്യം എതിര്‍ത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കൊലപാതകത്തില്‍ ശ്രീതുവിന് പങ്കുള്ളതായി പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല.
കുട്ടിക്ക് ശ്രദ്ധ കൊടുത്തതോടെ സഹോദരിക്ക് തന്നോടുള്ള സ്നേഹം കുറഞ്ഞെന്ന് പ്രതിയായ ഹരികുമാറിന് തോന്നിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ, കുട്ടിയുടെ കരച്ചില് പോലും പ്രതിക്ക് അരോചകമായെന്നും കണ്ടെത്തലുണ്ട്.
അതേസമയം പെട്ടെന്നുണ്ടായ പ്രകോപനം മാത്രമാണോ കൊലയ്ക്ക് കാരണം എന്നതിലും വ്യക്തത വരേണ്ടതുണ്ട്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും കണ്ടെത്തണം.
ശ്രീതുവിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ഇവര്‍ പലരില്‍ നിന്നും പണം വാങ്ങിയതായും പറയുന്നു. ദേവസ്വം ബോര്‍ഡിലെ സ്ഥിരം ജോലിക്കാരി എന്നാണ് ഇവര്‍ നാട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നതെന്നും വിവരമുണ്ട്.
അതേസമയം കൊലപാതകം നടന്ന വീട്ടില്‍ നിന്നും പ്രതി കഴിച്ചിരുന്ന ഗുളികകള്‍ പൊലീസിന് ലഭിച്ചിരുന്നു. മാനസിക പ്രശ്നമുള്ളവര്‍ കഴിക്കുന്ന ഗുളികയും അതില്‍ ഉണ്ട്. ഹരികുമാറിനെ കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ മാനസിക ആരോഗ്യ വിദഗ്ധന്റെ സഹാത്തോടെയാകും ചോദ്യം ചെയ്യുക.


