തൊടുപുഴ മൂലമറ്റത്ത് തേക്കിന് തോട്ടത്തില്‍ കണ്ടെത്തിയ മൃതദേഹം ഇടുക്കി മേലുകാവ് സ്വദേശി സാജന് സാമുവലിന്റേതാണെന്ന് തിരിച്ചറിഞ്ഞു. മരണം കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം. കൊലപാതകത്തിന് പിന്നില്‍ എട്ടംഗ സംഘമാണെന്നും ഇതില്‍ ആറു പേര് പിടിയിലായെന്നും പൊലീസ് സൂചിപ്പിച്ചു.
ഇന്നലെയാണ് മൂലമറ്റത്ത് മൃതദേഹം പായയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 30 നാണ് സാജനെ കാണാതാകുകയായിരുന്നു. മൃതദേഹം ജീര്‍ണിച്ചതിനാല്‍ ഔദ്യോഗിക സ്ഥിരീകരണത്തിനായി ഡിഎന്‍എ പരിശോധന നടത്തും.
മൂലമറ്റത്തെ മറ്റൊരിടത്തുവെച്ചാണ് കൃത്യം നടന്നതെന്നും ഉറങ്ങിക്കിടന്ന സാജനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് പൊലീസിന്റെ നിഗമനം. അതേസമയം ക്രിമിനല്‍ പശ്ചാത്തലം ഉള്ള വ്യക്തിയാണ് സാജന് സാമുവല്‍. 30 ഓളം ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹം ഓട്ടോറിക്ഷയിലാണ് തേക്കിന്‍കൂപ്പിലെത്തിച്ചത്. കേടുവന്ന പന്നിയിറച്ചി ഉപേക്ഷിക്കാനാണെന്ന് പറഞ്ഞാണ് ഓട്ടോയില്‍ മൃതദേഹം കയറ്റുന്നത്. ആദ്യം ഓട്ടോ ഡ്രൈവര്‍ വിസമ്മതിച്ചെങിലും പ്രതികള്‍ ഏറെ നിര്‍ബന്ധിച്ചതോടെ കയറ്റാന്‍ അനുവദിക്കുകയായിരുന്നു. പിന്നീട് സംശയം തോന്നിയ ഡ്രൈവര്‍ കാഞ്ഞാര്‍ പൊലീസ് എസ്ഐയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എസ്ഐ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.
ഇന്നലെ പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതോടെ ആളുകള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജീര്‍ണാവസ്ഥയിലായ മൃതദേഹം കണ്ടെത്തുന്നത്.
അതേസമയം കൊല്ലപ്പെട്ട സാജന് തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്നും അതുകൊണ്ടാണ് അയാളെ കൊലപ്പെടുത്തിയതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞതായാണ് വിവരം.


