മുംബൈ: 189 പേര് കൊല്ലപ്പെട്ട 2006ലെ മുംബൈ ട്രെയിന്‍ സ്ഫോടനക്കേസിലെ കുറ്റക്കാരെന്ന് കണ്ടെത്തിയ 12 പ്രതികളുടെ ശിക്ഷാവിധി റദ്ദാക്കി ബോംബെ ഹൈക്കോടതി. അഞ്ച് പ്രതികളുടെ വധശിക്ഷയും ഏഴ് പേരുടെ ജീവപര്യന്തവുമാണ് ഡിവിഷന് ബെഞ്ച് റദ്ദാക്കിയത്. കേസ് തെളിയിക്കുന്നതില്‍ മഹാരാഷ്ട്ര പൊലീസ് പരാജയപ്പെട്ടുവെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി പ്രതികളെ വെറുതെവിട്ടത്. പ്രോസിക്യൂഷന് ഹാജരാക്കിയ തെളിവുകള്‍ വിശ്വസനീയമല്ലെന്നും പ്രതികള്‍ കുറ്റം ചെയ്തുവെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും നിരീക്ഷിച്ചാണ് ബോംബെ ഹൈക്കോടതിയുടെ നടപടി.
സ്ഫോടനക്കേസില്‍ 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന 12 പ്രതികളെയും ജയിലില്‍ നിന്ന് വിട്ടയയ്ക്കണമെന്നും ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ആറ് മാസത്തിലേറെ തുടര്‍ച്ചയായി വാദം കേട്ട ശേഷമാണ് ജസ്റ്റിസുമാരായ അനില്‍ കിലോര്‍, ശ്യാം ചന്ദക് എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക ഡിവിഷന് ബെഞ്ചിന്റെ വിധി. സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം അനുസരിച്ചുള്ള കേസുകള്‍ പരിഗണിക്കുന്ന മഹാരാഷ്ട്ര പ്രത്യേക കോടതിയുടെ ശിക്ഷാവിധി ബോംബെ ഹൈക്കോടതിറദ്ദാക്കി. ഏകപക്ഷീയ അന്വേഷണമാണ് മഹാരാഷ്ട്ര പൊലീസ് നടത്തിയതെന്ന പ്രതികളുടെ വാദം ഹൈക്കോടതി അംഗീകരിച്ചു.
തെളിവുകളില്ലാതെയാണ് 12 പേരെ ജയിലിലടച്ചത് എന്നും പ്രതികള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ഡോ. എസ് മുരളീധര്‍ ഹൈക്കോടതിയില്‍ വാദമുയര്‍ത്തി. ഫൈസല്‍ ഷെയ്ഖ്, അസിഫ് ഖാന്, കമല്‍ അന്‍സാരി, യെതേഷാം സിദ്ദിഖി, നവീദ് ഖാന് എന്നിവര്‍ക്കായിരുന്നു 2015 ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. മുഹമ്മദ് സാജിദ് അന്‍സാരി, മുഹമ്മദ് അലി, ഡോ. തന്‍വീര്‍ അന്‍സാരി, മാജിദ് ഷാഫി, മുസമില്‍ ഷെയ്ഖ്, സൊഹെയില് ഷെയ്ഖ്, സമീര്‍ ഷെയ്ഖ് എന്നിവര്‍ക്ക് ഗൂഢാലോചന കേസില്‍ ജീവപര്യന്തം ശിക്ഷയും വിധിച്ചിരുന്നു.
2006 ജൂലൈ 11 ന് 11 മിനിറ്റിനുള്ളില്‍ ഏഴ് ബോംബ് സ്ഫോടനങ്ങള്‍ മുംബൈയിലെ പ്രത്യേക ലോക്കല്‍ ട്രെയിനുകളില്‍ ഉണ്ടായി. റിഗ്ഗഡ് പ്രഷര്‍ കുക്കറുകള്‍ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്. ആദ്യത്തെ സ്ഫോടനം ജോലി കഴിഞ്ഞ് ആളുകള്‍ മടങ്ങുന്ന തിരക്കേറിയ സമയമായ വൈകുന്നേരം 6.24നും അവസാനത്തേത് വൈകുന്നേരം 6.35നുമാണ് നടന്നത്. ചര്‍ച്ച്ഗേറ്റില്‍ നിന്നുള്ള ട്രെയിനുകളുടെ ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ടുമെന്റുകളിലാണ് ബോംബുകള്‍ സ്ഥാപിച്ചിരുന്നത്. മാട്ടുംഗ റോഡ്, മാഹിം ജംഗ്ഷന്, ബാന്ദ്ര, ഖാര് റോഡ്, ജോഗേശ്വരി, ഭയാന്ദര്, ബോറിവാലി എന്നീ സ്റ്റേഷനുകള്‍ക്ക് സമീപമാണ് അവ പൊട്ടിത്തെറിച്ചത്.


