കണ്ണൂര്‍ മാലൂരില്‍ അമ്മയെയും മകനെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിട്ടാറമ്പ് സ്വദേശി നിര്‍മലയും മകന് സുമേഷുമാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം.
സുമേഷിനെ തൂങ്ങി മരിച്ച നിലയിലും നിര്‍മലയെ അതേ മുറിയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. അമ്മയെ മകന് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.
കഴിഞ്ഞ ദിവസങ്ങളില്‍ വീടിനുള്ളിലോ പുറത്തോ വെളിച്ചം ഉണ്ടായിരുന്നില്ലെന്നും വീടിന്റെ വാതില്‍ പൂട്ടിയ നിലയിലായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരേയും ആശാ വര്‍ക്കറേയും വിവരം അറിയിച്ചു. പിന്നാലെ പൊലീസെത്തി വീട്ടിനകത്ത് കയറി പരിശോധിക്കുകയായിരുന്നു.
ഫോറന്‍സിക് സംഘം വീട്ടിലെത്തി പരിശോധന നടത്തി. റൂറല്‍ പോലീസ് കമ്മീഷണര്‍ അനൂജ് പലിവാളും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.


