അമേരിക്കയില്‍നിന്ന് ഇന്ത്യയിലെത്തിച്ച അനധികൃത കുടിയേറ്റക്കാരില്‍ കൂടുതലും ഗുജറാത്ത്, ഹരിയാന സ്വദേശികള്‍. ഇന്നെത്തിയ 104 അനധികൃത കുടിയേറ്റക്കാരില്‍ കൂടുതലും ഇവിടെ നിന്നുള്ള സ്വദേശികളാണ്. യു.എസ്. സൈനിക വിമാനത്തില്‍ ഗുജറാത്ത്, ഹരിയാന കൂടാതെ, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ചണ്ഡിഗഢ് സ്വദേശികളെ പഞ്ചാബിലെ അമൃത്സറില് എത്തിച്ചു.
104 പേരില്‍ 75 പുരുഷന്മാരും 25 സ്ത്രീകളുമാണ് ഉള്ളത്. ഇതില്‍ 12 പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്.
അതേസമയം, അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്ന സൈനിക വിമാനം അമൃത്സറില് ഇറക്കിയതിലും വിമര്‍ശനം ഉയരുന്നു. അധിക ആളുകളും ഗുജറാത്തില്‍ നിന്നും ഹരിയാനയില്‍ നിന്നും ആയിട്ടും അവിടെ വിമാനം ഇറക്കാതെ പഞ്ചാബില്‍ ഇറക്കിയതാണ് വിമര്‍ശനത്തിന് കാരണം.
അമേരിക്കയിലെ ടെക്സസില്‍ നിന്ന് പുറപ്പെട്ട യു.എസ് വ്യോമസേന വിമാനം ഉച്ചക്ക് രണ്ട് മണിയോടെയാണ് പഞ്ചാബിലെത്തിയത്. അമേരിക്കയിലെ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരായ 18,000 പേരെ ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള ട്രംപിന്റെ തീരുമാനം നടപ്പാക്കുന്നതിന്റെ തുടക്കമാണിത്.
ഇന്ത്യന്‍ എംബസി വഴി പൗരത്വം ഉറപ്പുവരുത്തിയ ശേഷം 104 പേരെയും ഇന്ത്യയിലേക്ക് അയക്കുകയായിരുന്നു. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള ട്രംപിന്റെ നീക്കത്തെ ഇന്ത്യ പിന്തുണച്ചിരുന്നു.


