ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരെ ജീവനക്കാര്‍ നല്കിയ പരാതി കൗണ്ടര്‍ കേസായി മാത്രം പൊലീസ് പരിഗണിക്കും. ‘ഒ ബൈ ഒസി’ എന്ന സ്ഥാപനത്തില്‍ നിന്ന് മൂന്ന് ജീവനക്കാര്‍ പണം മാറ്റിയെന്നതിന് പൊലീസിന് തെളിവ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരശോധിച്ചപ്പോഴാണ് പണം മാറ്റിയതിന് തെളിവ് ലഭിച്ചത്. ഡിജിറ്റല്‍ തെളിവുകളും ജീവനക്കാര്‍ക്ക് എതിരാണ്.
അതേസമയം ജീവനക്കാര്‍ പണം എങ്ങനെയാണ് ചെലവഴിച്ചതെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ഇവരുടെ അക്കൗണ്ടിലെത്തിയ പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകളെക്കുറിച്ചുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചു.
എന്നാല്‍ ഇതിനിടക്ക് പണം പിന്‍വലിച്ച് ദിയക്ക് നല്‍കിയതായി ജീവനക്കാര്‍ അവകാശപ്പെട്ടിരുന്നെങ്കിലും എ.ടി.എം വഴി വലിയ തുകകള്‍ പിന്‍വലിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി.
അതേസമയം തെളിവുകള്‍ എതിരായതോടെ ജീവനക്കാരികള്‍ മൂവരും ഒളിവിലാണ്.
സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരായ വിനിത, ദിവ്യ, രാധാകുമാരി എന്നിവര്‍ ചേര്‍ന്ന് 69 ലക്ഷം തട്ടിയെന്നാണ് ദിയയുടെ പരാതി. എന്നാല്‍ ഇതിനു പിന്നാലെ ദിയയും അച്ഛന് കൃഷ്ണകുമാറും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് തങ്ങളെ തട്ടിക്കൊണ്ടുപോയതായി ജീവനക്കാരികള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതി വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ദിയയുടെ ഫ്ലാറ്റിലെ സി.സി ടി.വി ദൃശ്യങ്ങളില്‍ യുവതികളെ ബലംപ്രയോഗിച്ച് കൊണ്ടുപോകുന്നതായി ഇല്ലെന്ന് പൊലീസ് അറിയിച്ചു.
ജീവനക്കാരികള്‍ നല്കിയ പരാതിയില്‍ ദിയാ കൃഷ്ണയും അച്ഛന് കൃഷ്ണകുമാറും മുന്‍കൂര്‍ ജാമ്യം തേടി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.


