ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ഏറ്റുവാങ്ങി നടന് മോഹന്‍ലാല്‍. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരവും വിതരണം ചെയ്തു. ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാര്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി. റാണി മുഖര്‍ജി മികച്ച നടിക്കുള്ള പുരസ്കാരവും കരസ്ഥമാക്കി.
മലയാളത്തിന്റെ അഭിമാന താരം മോഹന്‍ലാല്‍ ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാസാഹെബ് ഫാല്‍ക്കെ പുരസ്കാരം നിറഞ്ഞ കൈയടികളോടെ ഏറ്റുവാങ്ങി. ആദ്യമായാണ് മലയാള നടന് ഫാല്‍ക്കെ പുരസ്കാരം ലഭിക്കുന്നത്. ഭാര്യ സുചിത്രയും സുഹൃത്ത് ആന്റണി പെരുമ്പാവൂരും മോഹന്‍ലാലിനൊപ്പം ചടങ്ങിനെത്തിയിരുന്നു.
മിസ്സിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരം റാണി മുഖര്‍ജിക്ക് ലഭിച്ചത്. ജവാന് എന്ന ചിത്രത്തിലെ അഭിനയത്തിന് ഷാരൂഖാനും 12വേ ഫെയില്‍ സിനിമയിലെ മികച്ച പ്രകടനത്തിന് വിക്രാന്ത് മാസിയും മികച്ച നടന്മാര്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി.
ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉര്‍വശി മികച്ച സഹനടിക്കുള്ള പുരസ്കാരം സ്വീകരിച്ചു. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവന് മികച്ച സഹനടനുള്ള പുരസ്കാരവും നേടി. മികച്ച എഡിറ്റര്‍ക്കുള്ള പുരസ്കാരത്തിന് ‘പൂക്കാലം’ എന്ന ചിത്രത്തിലൂടെ മിഥുന് മുരളിയും മികച്ച ,കലാസംവിധായകനുള്ള പുരസ്കാരം മോഹന്‍ദാസും നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ പുരസ്കാരങ്ങള്‍ എം.കെ രാംദാസ് സംവിധാനം ചെയ്ത ‘നേകല്’ എന്ന ഡോക്യുമെന്ററിക്ക് ലഭിച്ചു.


