തമിഴ്നാട്ടില്‍ നടന് വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്റെ റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് 33 പേര് മരിച്ചു. കരൂറില്‍ നടന്ന റാലിക്കിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ നിരവധിപേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം.
ഇന്ന് ഉച്ചക്ക് കരൂര്‍ വിജയ് യുടെ പ്രചാരണ റാലി നടക്കുമെന്ന് സംഘാടകര്‍ ആദ്യം അറിയിച്ചിരുന്നെങ്കിലും ആറുമണിക്കൂര്‍ വൈകിയാണ് തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ് സ്ഥലത്തെത്തിയത്. ഇതോടെ സംഭവസ്ഥലത്ത് ജനം തടിച്ചുകൂടിയിരുന്നു.
ജനക്കൂട്ടം നിയന്ത്രണാതീതമാകുന്നതിനിടെ, ചൂടിലും തിരക്കിലും പെട്ട് നിരവധിയാളുകളാണ് കുഴഞ്ഞുവീണത്. ഇതിനിടെ പ്രസംഗം നിര്‍ത്തിയ വിജയ് പ്രത്യേക ബസില്‍ കരുതിയിരുന്ന വെളളക്കുപ്പികള്‍ ആളുകള്‍ക്കിടയിലേക്ക് എറിയുകയായിരുന്നു. ആംബുലന്‍സ് സേവനം ലഭ്യമാക്കാനും നടന് അഭ്യര്‍ഥിക്കുന്നുണ്ടായിരുന്നു.
ഇതിനിടെ വിജയ് യുടെ വാഹനത്തിനടുത്തേക്ക് എത്താന്‍ ആളുകള്‍ ശ്രമിച്ചതോടെ ദുരന്തം ആരംഭിക്കുകയായിരുന്നു. കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ ജനക്കൂട്ടം വാഹനത്തിനടുത്തേക്ക് നീങ്ങാന്‍ ശ്രമിക്കുന്നതിനിടെ പലരും മറിഞ്ഞുവണു.
സംഭവസ്ഥലത്തുനിന്നും കൂടുതല്‍ ആംബുലന്‍സുകള്‍ ആശുപത്രികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക. 33 പേരുടെ മരണം സ്ഥിരീകരിച്ചതായി ആശുപത്രി സന്ദര്‍ശിച്ച ശേഷം ഡി.എം.കെ നേതാവ് സെന്തില്‍ ബാലാജി പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഞായറാഴ്ച കരൂരിലെത്തും.
അപകടത്തിനു പിന്നാലെ വിജയ് പ്രസംഗം പൂര്‍ത്തിയാക്കാതെ സംഭവസ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്നു.
പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായത്. പരിക്കേറ്റവരെ കരൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.


