വിവാഹാലോചന നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീടിനു നേരെ ആക്രമണം. അനങ്ങനടി പാവുക്കോണത്താണ് സംഭവം. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. തൃക്കടീരി ആറ്റശ്ശേരി പടിഞ്ഞാറേക്കര വിട്ടില്‍ മുഹമ്മദ് ഫാസില്‍ (20), വീരമംഗലം ചക്കാലക്കുന്നത്ത് മുഹമ്മദ് സാദിഖ് (20), തൃക്കടിരി കോടിയില്‍ മുഹമ്മദ് ഫവാസ് (21)എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം. ഫാസിലുമായി പെണ്‍കുട്ടിയെ വിവാഹം ചെയ്തുനല്‍കാത്തതിന്റെ വൈരാഗ്യത്തിലായിരുന്നു മൂന്നംഗ സംഘത്തിന്റെ ആക്രമണമെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ ബന്ധുവാണ് പോലീസില്‍ പരാതി നല്‍കിയത്.
മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പിന്നിലെ ചില്ലും അടിച്ചുതകര്‍ത്തു. ആയുധങ്ങളുമായെത്തിയ സംഘം ജനല്‍ചില്ലുകള്‍ തകര്‍ത്തെന്നും സ്ത്രീകളും കുടുംബങ്ങളും ഉള്‍പ്പെടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.


