തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് ഇന്‍ഡ്യ സഖ്യം നടത്തിയ മാര്‍ച്ച് രാഷ്ട്രീയ സമരമല്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ലോക്സഭ വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിപക്ഷ എം.പിമാരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കിയിരുന്നു. മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് എം.പിമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനു പിന്നാലെയാണ് അറസ്റ്റ്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് രാവിലെ 11.30ന് പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലേക്ക് ഇന്‍ഡ്യ സഖ്യ എം.പിമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. എന്നാല്‍, പാര്‍ലമെന്റ് ബ്ലോക്കില്‍ വച്ച് എം.പിമാരെ പൊലീസ് തടയുകയായിരുന്നു.
പ്രതിഷേധ മാര്‍ച്ച് അവസാനിപ്പിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ള എം.പിമാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
അതിനിടെ, ഇന്‍ഡ്യ സഖ്യത്തിലെ മുഴുവന്‍ എം.പിമാരുമായും കൂടിക്കാഴ്ച നടത്താന്‍ വിസമ്മതിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എം.പിമാര്‍ കൂടിക്കാഴ്ച നടത്തേണ്ടെന്ന് തീരുമാനിച്ചു. 30 പേരെ കാണാമെന്നാണ് കമീഷന് അറിയിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്‍ഡ്യ സഖ്യം കൂടിക്കാഴ്ച ബഹിഷ്കരിച്ചത്.
കര്‍ണാടകയിലെ മഹാദേവപുര നിയമസഭ സീറ്റില്‍ ഒരു ലക്ഷത്തോളം വോട്ടുകള്‍ ചോര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയുടെ നേത്യതത്തില്‍ ഇന്‍ഡ്യ സഖ്യത്തിലെ എംപിമാരാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.


