കോഴിക്കോട്: കൂടുതല്‍ പിടിമുറുക്കുന്ന മയക്കുമരുന്ന് മാഫിയയും ഭരണകൂടങ്ങളും തമ്മിലുള്ള ബാന്ധവം തുറന്നുകാണിക്കാതെ ലഹരിക്കെതിരായ പ്രതിരോധം ഫലപ്രാപ്തിയിലെത്തില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. മയക്കുമരുന്ന് വരുന്നത് ഇസ്ലാമിക തീവ്രവാദത്തിന്റെ ഭാഗത്തുനിന്നാണ് എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറയുന്നത്. നാര്‍ക്കോട്ടിക് ജിഹാദ് എന്ന വിഷയം വരുമ്പോള്‍ അതിന്റെ രാഷ്ട്രീയം നോക്കാതെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സമുദായത്തെ മുന്നോട്ടുവെക്കുകയാണ്. ലഹരി വ്യാപിക്കുന്നതില്‍ ഒരു രാഷ്ട്രീയമുണ്ട്. ആഭ്യന്തരമന്ത്രിക്കാണ് അതില്‍ ഉത്തരവാദിത്തം. ചോദ്യം ചെയ്യപ്പെടേണ്ടത് പിണറായി വിജയനാണ്. ലഹരി കിട്ടാനുള്ള സാഹചര്യം ഉണ്ടാകുന്നതാണ് പ്രശ്നം. ഭരണകൂടത്തിന്റെ വീഴ്ച കൊണ്ടുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയാകുന്നില്ല.
ഡി.സി.സി ഓഫീസ് ഉദ്ഘാടന സമ്മേളന മുന്നോടിയായി ബീച്ചില്‍ നടക്കുന്ന ത്രിവര്‍ണോത്സവത്തില്‍ കേരളം എങ്ങോട്ട് സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ വന്ന മാറ്റം വലുതാണ്. പണം, അധികാരം, ഇ.ഡി തുടങ്ങിയവ കൊണ്ട് രാഷ്ട്രീയത്തെ മാറ്റുന്നു. രാഷ്ട്രീയത്തെ ശക്തമായി വിലയിരുത്തുന്ന ഒരു വിഭാഗം സമൂഹത്തില്‍ വളര്‍ന്നുവരുന്നുണ്ട്. നിഷ്പക്ഷമായി നല്‍ക്കുന്നവരോട് സംസാരിക്കാന്‍ നമുക്ക് കഴിയുന്നില്ല. ജനങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടിനെ കുറിച്ചുള്ള ബോധ്യം എല്ലാവര്ക്കും വേണം. കോണ്‍ഗ്രസ് വഖഫ് ബില്ലിന്മേല് എടുത്ത ചങ്കൂറ്റം വലുതാണ്. അത് അഭിനന്ദിക്കപ്പെടേണ്ടതാണ്. ട്രംപ്മോദിപിണറായി ഇക്വേഷനാണ് ഇപ്പോള്‍ ഓടുന്നത്. വലതുപക്ഷ രാഷ്ട്രീയമാണ് ഇടതുപക്ഷത്തിന്റെ പേരില്‍ കേരളത്തില്‍ ഓടുന്നത്. പിണറായി വിജയന് സംസ്ഥാനത്ത് വീണ്ടും അധികാരത്തില്‍ വന്നത് കോവിഡ് മറവിലാണ്. വയനാട്ടില്‍ ഒരു ദുരന്തമുണ്ടായിട്ട് എത്രയും വലിയ വെട്ടിപ്പാണ് പിണറായി നടത്തിയത്. വയനാട്ടിലെ പാവങ്ങളുടെ പേരില്‍ പിരിച്ച പണം കൊണ്ട് ഊരാളുങ്കലിന്റെ പിണറായി വിജയന് അടക്കമുള്ള ബിനാമിമാര്‍ അടിച്ചുമാറ്റുകയാണ്. കോണ്‍ഗ്രസിലെ ജനാധിപത്യം വലുതാണ്. പറയാനുള്ള സ്വാതന്ത്ര്യമാണ് ഏറ്റവും വലുതെന്നും കെ.എം ഷാജി പറഞ്ഞു.


