ജമ്മു കശ്മീരില്‍ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും മൂന്ന് മരണം. റമ്പാന് ജില്ലയിലെ ചിനാബ് നദിക്ക് സമീപം ധരംകുണ്ട് ഗ്രാമത്തിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ ഒരാളെ കാണാതായി. നൂറോളം പേരെ രക്ഷപ്പെടുത്തി. 10 വീടുകള്‍ പൂര്‍ണമായും മുപ്പതോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു.
ശനിയാഴ്ച അര്‍ധരാത്രിയിലുണ്ടായ കനത്ത മഴക്ക് പിന്നാലെയാണ് മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും ആലിപ്പഴ വീഴ്ചയും ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് ധരംകുണ്ട് പൊലീസും ജില്ലാ ഭരണകൂടവും നടത്തിയ അടിയന്തര നടപടിയിലാണ് നൂറോളം പേരെ രക്ഷിക്കാനായത്. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
മണ്ണിടിച്ചിലില്‍ ദേശീയപാത 44ലെ ഗതാഗതം തടസപ്പെട്ടു. ഇതേ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ നഷ്കരിക്കും ബനിഹാലിനുമിടയില്‍ ഗതാഗതം നിര്‍ത്തിവെച്ചു. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ പ്രദേശത്ത് കുടുങ്ങി കിടക്കുകയാണ്. മിന്നല്‍ പ്രളയത്തില്‍ കുതിച്ചൊഴുകിയ മണ്ണ് വീടുകള്‍ക്കുള്ളില്‍ നിറയുകയും വാഹനങ്ങള്‍ക്കും മുകളില്‍ പതിക്കുകയുമായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.


