മുസ്ലിം ന്യൂനപക്ഷത്തിന്റെ അവകാശത്തിനുമേല്‍ കത്തിവെക്കുന്ന, തീര്‍ത്തും ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി നിയമത്തിനെതിരെ രാഷ്ട്രീയ പോരാട്ടത്തി നൊപ്പം നിയമപോരാട്ടത്തിനും തിരികൊളുത്തിയിരിക്കുകയാണ് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ്. പരമോന്നത നീതിപീഠത്തിലെ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി ചര്‍ച്ച നടത്തിയ മുസ്ലിംലീഗ് സംഘം സുപ്രിം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തുകഴിഞ്ഞു. കേവല ഭൂരിപക്ഷത്തിന്റെ മാത്രം ബലത്തില്‍ പാര്‍ലമെന്റിനെയും ഭരണഘടനയെയുമെല്ലാം നോക്കുകുത്തിയാക്കി, ഒരു ജനതയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി, വര്‍ഗീയ ധ്രുവികരണത്തിലൂടെ അധികാരത്തില്‍ കടിച്ചുതൂങ്ങുകയെന്ന സംഘപരിവാറിന്റെ അജണ്ടകള്‍ക്കുമുന്നില്‍ കീഴടങ്ങാന്‍ തയ്യാറല്ല എന്ന ധീരോദാത്തമായ പ്രഖ്യാപനമാണ് നിയമ പോരാട്ടത്തിന്റെ കാഹളം മുഴക്കിയതിലൂടെ പാര്‍ട്ടി നടത്തിയിരിക്കുന്നത്. വഖഫ് ഭേദഗതി നിയമത്തിന്റെ മറ്റൊരു പതിപ്പായ പൗരത്വ ഭേദഗതി നിയമവും പാര്‍ലമെന്റ് സമാന രീതിയില്‍ തന്നെ പാസാക്കിയെടുത്തപ്പോഴും തങ്ങളുടെ മുന്‍ഗാമികള്‍കൂടി കുടിയിരുന്നു തയാറാക്കിയ ഇന്ത്യന്‍ ഭരണഘടനയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിച്ച്, ലവലേശം അമാന്തിച്ചുനില്‍ക്കാതെ മുസ്ലിംലീഗ് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. നിയമവും നീതിയും നോക്കുകുത്തിയാക്കി ഭരണകുടം ചുട്ടെടുത്ത ബില്ലിനെതിരെ ഒന്നാമതായി സമര്‍പ്പിക്കപ്പെട്ട ഹര്‍ജി എന്നതുകൊണ്ടുമാത്രമല്ല, മുസ്ലിം ലീഗ് നടത്തിയിട്ടുള്ള പരിശ്രമത്തിന്റെ മികവുകൂടി പരിഗണിച്ചുകൊണ്ട് പ്രസ്തുതകേസില്‍ കേന്ദ്രസര്‍ക്കാറിനെതിരെയുള്ള പ്രധാന കക്ഷിയായി മുസ്ലിംലീഗിനെയാണ് സുപ്രിംകോടതി നിശ്ചയിച്ചിരിക്കുന്നത്. മുസ്ലിം ലീഗും കേ ന്ദ്രസര്‍ക്കാറും തമ്മിലുള്ള നിയമ യുദ്ധമെന്ന് നീതിന്യായ വ്യവസ്ഥിതി പേരിട്ടുവിളിക്കുന്ന ആ പോരാട്ടത്തില്‍ കേസ് പരിഗണിച്ചപ്പോഴെല്ലാം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വെള്ളംകുടിക്കുന്ന സാഹചര്യമാണുണ്ടായിരുന്നത്.
രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന എന്തു നിയമ നിര്‍മാണം ഏതു ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായാലും ആര്‍ജ്ജവത്തോടെയും ആത്മവിശ്വാസത്തോടെയും പൊരുതുകയെന്നത് ധാര്‍മിക ഉത്തര വാദിത്തമായാണ് മുസ്ലിംലീഗ് കാണുന്നത്. നിയമനിര്‍മാണ സഭയില്‍ മാത്രമല്ല, ഭരണഘടനാ നിര്‍മാണ സഭയിലും തങ്ങളുടെ മുന്‍ഗാമികള്‍ വിട്ടുവീഴ്ച്ചയില്ലാതെ ഇഞ്ചോടിഞ്ചുപൊരുതി നേടിയെടുത്ത അവകാശങ്ങളെന്ന നിലയില്‍ അതിനെതിരെയുള്ള നീക്കങ്ങളെ കൈയ്യുംകെട്ടി നോക്കി നില്‍ക്കാനോ, ഉപരിപ്ലവമായ പ്രവര്‍ത്തനങ്ങളുടെയും പ്രതികരണങ്ങളുടെയും മായാവലയത്തില്‍ അഭിരമിക്കാനോ പ്രസ്താനത്തിന് സാധിക്കില്ല. വഖഫ് ഭേദഗതി നിയമത്തിന്റെ ചര്‍ച്ചകളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും തൊട്ടു പിന്നാലെ പരമോന്നത നീതിപീഠത്തിലും ലീഗ് നടത്തിയിട്ടുള്ള പ്രയത്നങ്ങള്‍ ഇതിന്റെ നിദര്‍ശനമാണ്. ദൈവത്തിന്റെ പേരില്‍ സമര്‍പ്പിക്കപ്പെട്ട, രാജ്യത്തിന്റെ വിവിധ ഇടങ്ങളിലുള്ള കോടിക്കണക്കായ സ്ഥാവര ജംഗമ വസ്തുക്കളില്‍ കണ്ണുവെക്കുന്നതോടൊപ്പം നിരന്തരമായ നിയമനിര്‍മാണങ്ങളിലൂടെ ഒരു സമുദായത്തെ ഭയപ്പെടുത്തി കീഴ്പ്പെടുത്തുകയെന്നുമുള്ള ഇരട്ടപോര്‍മുഖം മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കു നേരെ തുറക്കാനാണ് സംഘ്പരിവാറിന്റെ നിലവിലെ ശ്രമങ്ങള്‍. എന്നാല്‍ ആകുലതകള്‍ സൃഷ്ടിച്ച് ജനിച്ചുവളര്‍ന്ന നാട്ടില്‍ രണ്ടാംതരം പൗരന്‍മാരാക്കിമാറ്റാനുള്ള ശ്രമങ്ങളെ അംഗീകരിച്ചുതരാന്‍ മനസ്സില്ലെന്ന പ്രഖ്യാപനമാണ് മുസ്ലിംലീഗിന്റെ ഈ മുന്നേറ്റങ്ങള്‍ സംഘ്പരിവാറിന് നല്കുന്ന സന്ദേശം. ഏതായാലും രാജ്യത്തിന്റെ പൈത്യകത്തിനും പാരമ്പര്യത്തിനും പോറലേല്‍പ്പികുന്ന ഏതു ശ്രമത്തെയും നിര്‍ഭയത്തോടെ നേരിടാന്‍ മുന്നിലുണ്ടാവുമെന്ന് മുസ്ലിംലീഗ് അത്തരം ഘട്ടങ്ങളിലെല്ലാം നിരന്തരമായ തെളിയിച്ചതാണ്. നിസ്സഹായതയുടെ ദീനരോധനങ്ങളുയരുമ്പോഴും ഭരണകൂടത്തിന്റെ കരാള ഹസ്തങ്ങള്‍ പിടിമു റുക്കുമ്പോഴും നീതിന്യായ മേഖലയിലെ പോരാട്ടത്തിന്റെ പോര്മുഖങ്ങളിലും പ്രതിരോധത്തിന്റെ മഹാമേരുവായി ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളുടെ രക്ഷാകവചമായി ഈ പ്രസ്താനമുണ്ടാവുമെന്ന് ഒരിക്കല്‍കൂടി അസന്നിഗ്ധമായി തെളിയിക്കപ്പെട്ടിരിക്കുകയാണ്.


