വരാണസി – ന്യൂ ദില്ലി വന്ദേഭാരത് എക്സ്പ്രസില്‍ ചോര്‍ച്ച. എസി പ്രവര്‍ത്തനരഹിതമായതോടെയാണ് കോച്ചിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ചയുണ്ടായത്. എന്നാല്‍ കോച്ചിന്റെ മേല്‍ക്കൂരയില്‍ നിന്ന് വെള്ളം ചോരുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ട്രെയിനിലെ യാത്രക്കാരനാണ് അയാള്‍ക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്.
‘വന്ദേഭാരത് ട്രെയിനില്‍ എ സി പ്രവര്‍ത്തിക്കുന്നില്ല. വെള്ളം ചോരുകയാണ്. പ്രീമിയം നിരക്ക് ഉണ്ടായിരുന്നിട്ടും വളരെ അസ്വസ്ഥമായ യാത്രയാണ്. നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. ദയവായി അത് പരിശോധിക്കണമെന്നും’ വീഡിയോ പങ്കുവെച്ചുകൊണ്ട് മിശ്ര എക്സില്‍ കുറിച്ചു. റെയില്‍വെ മന്ത്രാലയം, ഐആര്‍സിടിസി റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെ ഔദ്യോഗിക അക്കൗണ്ടുകള്‍ മിശ്ര ടാഗ് ചെയ്തു. ജീവനക്കാര്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറിയെന്ന് ആരോപിച്ച് മിശ്ര തന്റെ ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം ഈ വീഡിയോ സമൂഹ മാധ്യമത്തില്‍ വലിയ രീതിയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ പ്രതികരണവുമായി റെയില്‍വെ സേവ രംഗത്തെത്തി. റിട്ടേണ്‍ എയര്‍ ഫില്‍ട്ടര്‍ എസി ഡ്രെയിനിലെ ദ്വാരങ്ങള്‍ അടഞ്ഞുപോയതിനാലാണ് വെള്ളം ചോര്‍ന്നതെന്ന് അവര്‍ വിശദീകരിച്ചു. ചോര്‍ച്ചയ്ക്ക് കാരണം ‘കണ്ടന്‍സേറ്റ് വെള്ളം’ ആണെന്ന് റെയില്‍വെ സേവ പ്രതികരിച്ചത്. അധികാരികള്‍ ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് റെയില്‍വെയുടെ ഔദ്യോഗിക ഹാന്‍ഡില്‍ ആയ റെയില്‍വെ സേവയിലൂടെ മറുപടി നല്കി.
സിസ്റ്റത്തിനുള്ളില്‍ വെള്ളം അടിഞ്ഞുകൂടുകയും, ട്രെയിന്‍ ബ്രേക്ക് ചെയ്തപ്പോള്‍ വെള്ളം എയര്‍ ഡക്റ്റിലേക്ക് ഒഴുകുകയും യാത്രക്കാരുടെ ഭാഗത്തേക്ക് ചോര്‍ന്നൊലിക്കുകയും ചെയ്തുവെന്നാണ് റെയില്‍വെ വ്യക്തമാക്കിയത്. ട്രെയിന്‍ തിരിച്ചുപോകുന്നതിന് മുമ്പ് ന്യൂഡല്‍ഹി സ്റ്റേഷനില്‍ വെച്ച് കേടായ ഡ്രിപ്പ് ട്രേ വൃത്തിയാക്കിയതായും റെയില്‍വെ കൂട്ടിച്ചേര്‍ത്തു.


