കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. ബിന്ദുവിന്റെ മരണത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രി വീണാ ജോര്‍ജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, യൂത്ത് ലീഗ്, പ്രവര്‍ത്തകരാണ് പ്രതിഷേധം നടത്തുന്നത്. കോട്ടയം മെഡിക്കല്‍ കോളജിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. ആരോഗ്യമന്ത്രിയുടെ കോലവുമായി എത്തിയ പ്രതിഷേധക്കാര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിക്കുകയും പൊലീസിന് നേരെ കല്ലേറ് നടത്തുകയും ചെയ്തു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
സെക്രട്ടറിയേറ്റ് അനക്സ് 2 ലേക്ക് മഹിളാ കോണ്‍ഗ്രസും മാര്‍ച്ച് നടത്തി. ഗേറ്റിന് മുകളില്‍ കയറി പ്രതിഷേധിച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മന്ത്രി വീണാ ജോര്‍ജിന്റെ പത്തനംതിട്ടയിലെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ശവപ്പെട്ടിയും ചുമന്നുകൊണ്ടാണ് മാര്‍ച്ച് നടത്തിയത്.
ആരോഗ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം നടക്കുന്നത്. അപകടത്തില്‍ ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായെന്നാണ് ആരോപണം.
പത്തനംതിട്ടയിലും കോട്ടയത്തും തൃശ്ശൂരിലും കൊല്ലത്തും കോഴിക്കോടും മലപ്പുറത്തുമെല്ലാം പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. ചിലയിടങ്ങളില്‍ പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
അതേസമയം, മെഡിക്കല്‍ കോളജ് അപകടത്തില്‍ പ്രാഥമിക അന്വേഷണം നടത്തി ജില്ലാ കളക്ടര്‍ ജോണ്‍ വി സാമൂവല്‍. കൂടുതല്‍ പരിശോധനകള്‍ ഉണ്ടാകും. പിഡബ്ല്യുഡി എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ അടക്കം പരിശോധന നടത്തും.


