കൊല്ലം ഓച്ചിറ ദേശീയപാതയില്‍ വലിയകുളങ്ങര ക്ഷേത്രത്തിന് സമീപം മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് കാരണം ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാമെന്ന് നിഗമനം. വ്യാഴാഴ്ച രാവിലെ 6.10നാണ് വലിയകുളങ്ങര ക്ഷേത്രത്തിന് സമീപം കെ.എസ്.ആര്.ടി.സി ബസും ഥാര്‍ ജീപ്പും കൂട്ടിയിടിച്ചാണ് പിതാവും രണ്ട് മക്കളും മരിച്ചത്.
ചവറ തേവലക്കര പടിഞ്ഞാറ്റക്കര പ്രിന്‍സ് വില്ലയില്‍ തോമസിന്റെ മകന് പ്രിന്‍സ് തോമസ് (44), മക്കളായ അതുല്‍ (15), അല്‍ക്ക (ഏഴ്) എന്നിവരാണ് മരിച്ചത്. മറ്റൊരു മകള്‍ ഐശ്വര്യയെ (17) അതീവ ഗുരുതരാവസ്ഥയില്‍ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ഭാര്യ വിന്ധ്യയെ (40) നിസ്സാര പരിക്കുകളോടെ വലിയകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ 20ഓളം പേര്‍ക്കും പരിക്കേറ്റു.
അമേരിക്കയിലേക്ക് പോകുന്ന വിന്ധ്യയുടെ സഹോദരപുത്രനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച് തിരിച്ചു വരുമ്പോഴാണ് അപകടം. കരുനാഗപ്പള്ളി ഡിപ്പോയില്‍നിന്ന് ചേര്‍ത്തലയിലേക്ക് പോകുന്ന കെ.എസ്.ആര്.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസ് വലിയകുളങ്ങര സ്റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റി മുന്നോട്ട് നീങ്ങുന്നതിനിടയില്‍ വടക്കുനിന്ന് അതിവേഗത്തില്‍ വന്ന ജീപ്പ് കൂട്ടിയിടിക്കുകയായിരുന്നു.
സംഭവത്തില്‍ ഓച്ചിറ പൊലീസ് കേസെടുത്തു. മൃതദേഹങ്ങള്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.


