കൊച്ചി പുറംകടലില്‍ മുങ്ങിയ കപ്പലില്‍ നിന്നും പരന്ന എണ്ണപ്പാട നീക്കാന്‍ കോസ്റ്റ്ഗാര്‍ഡ് പരിശ്രമം തുടരുന്നു. തീരത്ത് അടിഞ്ഞ 50 കണ്ടെയ്നറുകള്‍ എത്രയും വേഗം നീക്കം ചെയ്യാനാണ് തീരുമാനം. കപ്പലിന്റെ അഞ്ച് കിലോമീറ്റര്‍ പരിധിയിലാണ് എണ്ണ വ്യാപിച്ചിട്ടുള്ളത്. ഇത് നീക്കം ചോയ്യാനുള്ള പരിശ്രമം ഒരു മാസം തുടരേണ്ടി വരുമെന്നാണ് സമുദ്ര വ്യാപാര വകുപ്പിന്റെ വിലയിരുത്തല്‍.
കണ്ടെയ്നറുകള്‍ നീക്കാനും തീരപ്രദേശം ശുചീകരിക്കാനുമായി 108 പേരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കൊച്ചിയില്‍ മലിനീകരണ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്
തീരത്തടിഞ്ഞ കണ്ടെയ്നറുകള്‍ റോഡ് മാര്‍ഗം രണ്ട് ദിവസത്തിനകം പൂര്‍ണമായും നീക്കും. കൊല്ലം ശക്തികുളങ്ങര, ചെറിയഴീക്കല്‍, പരിമണം തീരങ്ങളിലെ കണ്ടെയ്നറുകള്‍ ക്രെയിന്‍ ഉപയോഗിച്ച് കരയ്ക്ക് കയറ്റിയ ശേഷം മുറിച്ചു ചെറിയ കഷണങ്ങളാക്കി ലോറിയിലാണ് തുറമുഖത്തേക്ക് മാറ്റുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, സിവില്‍ ഡിഫന്‍സ് എന്നിവയുടെ സഹായത്തോടെ കരയ്ക്ക് അടിഞ്ഞ വസ്തുക്കളും നീക്കം ചെയ്യുന്നുണ്ട്. വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട ചരക്കുകപ്പല്‍ ഈ മാസം 25നാണ് കൊച്ചി പുറംകടലില്‍ മുങ്ങിയത്.


