കേരള സര്‍വകലാശാലയില്‍ വി സി മോഹനന് കുന്നുമ്മലിനെ തള്ളി ഫയലുകള്‍ തീര്‍പ്പാക്കി രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍. രജിസ്ട്രാര്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ മാറ്റി വയ്ക്കണമെന്ന് വിസി നിര്‍ദേശം നല്കി. വിലക്ക് ലംഘിച്ച് ഓഫീസില്‍ പ്രവേശിച്ചതില്‍ രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിനെതിരെ സുരക്ഷ വിഭാഗം റിപ്പോര്‍ട്ട് നല്കി.
രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ സര്‍വ്വകലാശാല ആസ്ഥാനത്ത് എത്തരുതെന്ന് വൈസ് ചാന്‍സിലര്‍ നിര്‍ദേശിച്ചിരുന്നു. കൂടാതെ രജിസ്ട്രാരുടെ ചേമ്പറിലേക്ക് ആരെയും കടത്തി വിടരുതെന്ന ഉത്തരവ് സുരക്ഷാ ജീവനക്കാര്‍ക്കും വൈസ് ചാന്‍സിലര്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ ഉത്തരവുകള്‍ മറികടന്നാണ് കെ എസ് അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തി ഡിജിറ്റല്‍ സിഗ്നേച്ചര്‍ തിരിച്ചെടുത്ത് ഫയലുകള്‍ തീര്‍പ്പാക്കിയത്.
ഇതോടെ മോഹന്‍ കുന്നുമ്മേല്‍ തുടര്‍ നടപടി തുടങ്ങി. രജിസ്ട്രാര്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ മാറ്റിവെക്കണമെന്നും കെ എസ് അനില്‍കുമാര്‍ നോക്കുന്ന ഫയലുകള്‍ തനിക്ക് അയക്കരുതെന്നും മോഹനന് കുന്നുമ്മല്‍ നിര്‍ദേശിച്ചു. അടിയന്തര ഫയലുകള്‍ ഉണ്ടെങ്കില്‍ ജോയിന്റ് രജിസ്റ്റര്‍മാര്‍ നേരിട്ട് തനിക്ക് അയക്കണമെന്നും അദ്ദേഹം അറിയിച്ചു.
രജിസ്ട്രാരുടെ ചേമ്പറിലേക്ക് പോകരുതെന്ന വിസിയുടെ നിര്‍ദേശം അനില്‍കുമാറിനെ അറിയിച്ചെങ്കിലും അത് അനുസരിക്കാതെയാണ് ചേമ്പറിലേക്ക് പോയതൊന്നും റിപ്പോര്‍ട്ട് നല്കി. സെക്യൂരിറ്റി ഓഫീസറാണ് വൈസ് ചാന്‍സിലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.


