കേരള ടീമിന് രഞ്ജി ക്രിക്കറ്റില്‍ വീണ്ടും ചരിത്രമാകാനുള്ള അവസരത്തിന് ഇന്ന് തുടക്കം. 2018-19 സീസണില്‍ വിദര്‍ഭയോട് പരാജയപ്പെട്ട ശേഷം, കേരളം രണ്ടാം തവണയാണ് രഞ്ജി ട്രോഫി സെമിഫൈനലില്‍ പ്രവേശിക്കുന്നത്. 2016-17 സീസണില്‍ കിരീടം നേടിയ ഗുജറാത്ത് അവസാനമായി സെമിയിലെത്തിയത് 2019-20 സീസണിലായിരുന്നു.
ഈ സീസണില്‍ കേരളത്തിന്റെ പ്രകടനത്തില്‍ വലിയ മാറ്റം കൊണ്ടുവന്നത് പുതിയ പരിശീലകനായ അമേയ് ഖുറേസിയയുടെ തന്ത്രങ്ങള്‍ക്കും ടീം അംഗങ്ങളുടെ ഏകോപിതമായ പ്രകടനത്തിനുമാണ്. കര്‍ണാടക, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ ശക്തരുള്ള ഗ്രൂപ്പ് സിയില്‍നിന്ന് കേരളം നോക്കൗട്ടിലേക്ക് കടന്നത് അതിന്റെ ഉദാഹരണമാണ്.
അവസാന ഘട്ടങ്ങളില്‍ സല്മാന് നിസാറിന്റെ ബാറ്റിങ് മികവും നിലയുറപ്പിക്കലും ടീമിന് നിര്‍ണായകമാകും. സല്മാന് നിസാര്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയത് ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ, മുഹമ്മദ് അസ്ഹറുദ്ദീന്, നിധീഷ് എം.ഡി, ജലജ് സക്സേന, അക്ഷയ് ചന്ദ്രന് എന്നിവരും മികച്ച ഫോമിലാണ്.
ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുത്തു. യുവതാരമായ ഷോണ്‍ റോജര്‍ ഇന്ന് ടീമില്‍ ഉണ്ടാവില്ല. പരിക്കേറ്റ ബേസില്‍ തമ്പിയും സെമി മത്സരം കളിക്കാന്‍ ഉണ്ടാകില്ല. പകരക്കാരായി വരുണ്‍ നായനാരും അഹമ്മദ് ഇമ്രാനും ടീമില്‍ ഇടം നേടി. രണ്ട് പേരുടെയും അരങ്ങേറ്റ മത്സരമാണ്. ആറു വര്‍ഷം മുമ്പ് സെമിവരെ എത്തിയിട്ടും സ്വന്തമാക്കാന്‍ സാധിക്കാത്ത കിരീടം നാട്ടിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരളം ഇന്ന് കളത്തിലിറങ്ങുന്നത്. സച്ചിന് ബേബി നയിക്കുന്ന കേരളം ഇത്തവണ സെമിപ്രവേശം സാധ്യമാക്കിയത് ഒരു പിടി മികച്ച താരങ്ങളുമായിട്ടാണ്. ഈ കരുത്തോടെ സെമിഫൈനലില്‍ കേരളം ചരിത്രം തിരുത്തുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.


