മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ സംഘടന ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായി കർണാടക സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ബംഗളുരു ശിഹാബ് തങ്ങൾ സെന്ററിൽ നടന്ന കൗൺസിൽ മീറ്റ് ദേശീയ ജനറൽ സെക്രട്ടറി ടിപി അഷ്റഫലി ഉദ്ഘാടനം ചെയ്തു.
എസ്.ഐ.ആറിലൂടെ ഇന്ത്യയിലെ മുസ്ലിം പിന്നാക്ക ന്യൂനപക്ഷങ്ങളെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനും തുടർന്ന് പൗരത്വ നിഷേധത്തിനുമുള്ള ഗൂഢമായ നീക്കങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയും അഭ്യന്തരമന്ത്രി അമിത് ഷായും തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചേർന്ന് നടത്തുന്നതെന്ന് അഷ്റഫലി പറഞ്ഞു. ഇതിനെതിരെ ഇന്ത്യയുടെ പൈതൃകം ഉയർത്തിപ്പിടിച്ചുള്ള പ്രതികരണങ്ങളാണ് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും കാണുന്നതെന്നും ഇത്തരം പ്രക്ഷോഭങ്ങളോട് ചേർന്നുനിന്നു കൊണ്ടാണ് ഡൽഹിയിൽ യൂത്ത് ലീഗ് നാഷണൽ കമ്മറ്റി വോട്ട് ചോരി പ്രക്ഷോഭം നടത്തിയതെന്നും ബിഹാറിലെ കിഷൻഗഞ്ചിൽ ഉൾപ്പെടെ യൂത്ത് ലീഗ് പ്രഖ്യാപിച്ച സമരം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ദസ്തഗീർ ബേഗ് അധ്യക്ഷത വഹിച്ചു.
കർണാടക സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂർ കമ്മിറ്റി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. യൂത്ത് ലീഗ് ദേശീയ വൈസ്പ്രസിഡന്റ് ഇനാംദർ ദർവാഡ്, സെക്രട്ടറി സികെ ശാക്കിർ, എ.ഐ.കെ.എം.സി.സി ജനറൽ സെക്രട്ടറി എംകെ നൗഷാദ്, യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ സയ്യിദ് സിദ്ദിഖ് തങ്ങൾ, പി.എം മുഹമ്മദലി ബാബു, മുസ്ലിം ലീഗ് ബംഗുളുരു ജില്ല പ്രസിഡണ്ട് മഹബൂബ് ബാഗ്, സെക്രട്ടറി മുസ്ഥഫ അലി, അഡ്വ.മുഹമ്മദ് ഹനീഫ ഹുദവി എന്നിവർ സംസാരിച്ചു. നൗഷാദ് മലർ സ്വാഗതവും സിറാജുദ്ധീൻ നദ്വി നന്ദിയും പറഞ്ഞു. കർണാടക സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികളായി അഡ്വ.മുഹമ്മദ് ഹനീഫ ഹുദവി (പ്രസിഡണ്ട്), ദസ്തഗീർ ബേഗ് (ജനറൽ സെക്രട്ടറി), നൗഷാദ് മലർ (ഓർഗനൈസിംഗ് സെക്രട്ടറി), നിസാർ ചിക്മംഗുളുരു (ട്രഷറർ), ഷബീർ തലപ്പാടി (മംഗലാപുരം), ശൈഖ് അഷ്റഫ് (കോലാട്), സിയാഉല്ലാഹ് (ബാംഗുളുരു), ജാഫർ (യാദിഗിരി), റഫീഖ് സി എച്ച് (കൂർഗ്) എന്നിവരെ വൈസ്പ്രഡിഡന്റുമാരായും ഖലീൽ (ഹാസൻ), സാദിർ അഥാർ (ധാർവാർഡ്), മുഹമ്മദ് സുൽതാൻ (ഗുൽബർഗ), ഫർഹീൻ താജ് (ബാംഗുളുരു) എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.


