യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് ഇടപെടല്‍ നടത്തി സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്.
യമനിലെ സുന്നി പണ്ഡിതന് സഈദ് ഉമര്‍ ഹഫീസ് വഴിയാണ് തലാലിന്റെ കുടുംബാംഗങ്ങളുമായി ചര്‍ച്ച തുടരാന്‍ നിമിഷപ്രിയ മോചന സഹായ സമിതിക്ക് അവസരമൊരുക്കിയത്. കൊല്ലപ്പെട്ട യമന്‍ പൗരന് തലാല്‍ അബ്ദു മെഹ്ദിയുടെ സഹോദരനുമായി കാന്തപുരം സംസാരിച്ചു.
അതേസമയം, ജൂലൈ 16ന് യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ (38) മോചിപ്പിക്കാന്‍ നയതന്ത്ര മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിക്കുക.
നയതന്ത്ര മാര്‍ഗങ്ങള്‍ എത്രയുംവേഗം പരിശോധിക്കണമെന്ന് അഭിഭാഷകന് സുഭാഷ് ചന്ദ്രന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജൂലൈ 10ന് വിഷയം അടിയന്തരമായി സുപ്രീംകോടതി പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നു. ശരീഅത്ത് നിയമപ്രകാരം മരിച്ചയാളുടെ കുടുംബത്തിന് ദയാധനം നല്കുന്ന കാര്യം പരിശോധിക്കാമെന്ന് അഭിഭാഷകന് വാദിച്ചിരുന്നു.
ദയാധനം നല്കിയാല് മരിച്ചയാളുടെ കുടുംബം നിമിഷപ്രിയക്ക് മാപ്പ് നല്‍കിയേക്കാമെന്ന് അഭിഭാഷകന് ചൂണ്ടിക്കാട്ടി. ഹരജിയുടെ പകര്‍പ്പ് അറ്റോണി ജനറലിന് നല്കാന് ബെഞ്ച് അഭിഭാഷകനോട് നിര്‍ദേശിച്ചിട്ടുണ്ട്. സേവ് നിമിഷപ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍ സംഘടനയാണ് ഹരജി നല്‍കിയത്.
2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആഗസ്റ്റില്‍ നിമിഷ പ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തു. യമന്‍ പൗരനായ അബ്ദുമഹ്ദിയെ പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനി നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്.


