മുന്‍ എംഎല്‍എ കെ മുഹമ്മദുണ്ണി ഹാജിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ജനങ്ങളോടൊപ്പം സഞ്ചരിച്ച നായകനായിരുന്നു കെ മുഹമ്മദുണ്ണി ഹാജിയെന്നും ആറര പതിറ്റാണ്ട് കാലം സേവന, സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തന്റെ അവസാനകാലങ്ങളില്‍ പ്രവര്‍ത്തന മേഖലയില്‍ കര്‍മനിരതനാകാന്‍ കഴിയാതിരുന്നപ്പോഴും അചഞ്ചലമായിരുന്നു അദ്ദേഹത്തിന്റെ മനസും രാഷ്ട്രീയവും. വെള്ളുവമ്പ്രം, കൊണ്ടോട്ടി പ്രദേശങ്ങളിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മത, വിദ്യാഭ്യാസ, ജീവകാരുണ്യ, സേവന മേഖലകളില്‍ തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് മുഹമ്മദുണ്ണി ഹാജിനടത്തിപ്പോന്നിരുന്നതെന്നും തങ്ങള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതലകള്‍ അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ നിര്‍വഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ചന്ദ്രികയെ തന്റെ ജീവശ്വാസം പോലെ കണ്ട മുഹമ്മദുണ്ണി ഹാജി പത്രത്തിന്റെ വളര്‍ച്ചക്കായി കഠിനാധ്വാനം ചെയ്തിരുന്നു. പാണക്കാട് കുടുംബവുമായി അദ്ദേഹത്തിന് അഭേധ്യമായ ബന്ധമാണുണ്ടായിരുന്നത്. നിഷ്കളങ്ക സ്നേഹത്തിന്റെ പ്രതീകമായിരുന്ന നാടിന്റെ പ്രിയപ്പെട്ട മമ്മുണ്ണിഹാജിയുടെ വിയോഗം കനത്ത നഷ്ടമാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.


