പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ ആഭിമുഖ്യത്തിൽ സ്വകാര്യ സർവകലാശാല ആരംഭിക്കാൻ തീരുമാനിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ജാമിഅ നൂരിയ്യയിൽ ചേർന്ന ഭരണസമിതി യോഗമാണ് തീരുമാനമെടുത്തത്. തുടർ പ്രവർത്തനങ്ങൾക്ക് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ രംഗത്ത് അത്യാധുനിക സംവിധാനവും മൂല്യബോധവും സന്നിവേശിപ്പിച്ചുകൊണ്ടുള്ള പാഠ്യ പദ്ധതി തയ്യാറാക്കി ഉയർന്ന അക്കാദമിക നിലവാരവും ധാർമ്മിക ബോധമുള്ള സമൂഹത്തെ സൃഷ്ടിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.
അക്കാദമിക് മികവ് നേടുന്നതിനും വിദ്യാർത്ഥികളുടെ പുതിയ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി, ഉന്നത പഠനത്തിന്റെയും ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും കേന്ദ്രമായി വർത്തിക്കുന്ന സ്വകാര്യ സർവകലാശാലയായിരിക്കും സ്ഥാപിക്കുക. വിദ്യാഭ്യാസത്തിന്റെ ഉയർന്ന നിലവാരം ഉറപ്പുവരുത്തുന്നതിന് ബൗദ്ധിക വളർച്ചയും നൈപുണ്യ വികസനവും പരിപോഷിപ്പിക്കുന്ന പഠന പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകും.
ആഗോളതലത്തിൽ ആവശ്യമായ അറിവും കഴിവുകളും നേടുന്നതിന് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനായി ആധുനിക സാങ്കേതികവിദ്യ, അത്യാധുനിക ഗവേഷണം എന്നിവയിൽ നിർദ്ദിഷ്ട സർവകലാശാല ശ്രദ്ധ കേന്ദ്രീകരിക്കും.
വ്യവസായ സഹകരണം, സാങ്കേതിക വിദ്യാധിഷ്ഠിത വിദ്യാഭ്യാസം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട്, വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര, ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമുകളുടെ വിപുലമായ ശ്രേണി സർവകലാശാല നടപ്പിൽ വരുത്തും.
കൂടാതെ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിനും ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പാക്കുന്നതിനും സ്കോളർഷിപ്പ് അടക്കമുള്ള പ്രത്യേക പദ്ധതികൾ രൂപീകരിക്കും. ശക്തവും ചലനാത്മകവും മൂല്യാധിഷ്ഠതവുമായ പഠന അന്തരീക്ഷം രൂപപ്പെടുത്തുന്നതിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്ർ ഒരുക്കും.
സർക്കാറിന്റെ അംഗീകാരം ലഭിക്കുന്നതിനനുസരിച്ച് സർവകലാശാലയുടെ ഘടന, പ്രോഗ്രാമുകൾ, ഫാക്കൽറ്റി, പ്രവേശന നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ പ്രഖ്യാപിക്കുമെന്നും ജാമിഅ നൂരിയ്യയുടെ കീഴിൽ സർവകലാശാല തുടങ്ങുന്നതിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ നിലവിലുണ്ടെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
യോഗത്തിൽ പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ. സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാർ, ഏലംകുളം ബാപ്പു മുസ്ലിയാർ, ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, പി അബ്ദുൽഹമീദ് എംഎൽഎ, എംസി മായിൻ ഹാജി, സമസ്ത മുശാവറ അംഗങ്ങളായ ഡോ. ബഹാഉദ്ദീൻ നദ്വി, വാക്കോട് മൊയ്തീൻകുട്ടി ഫൈസി, ഹൈദർ ഫൈസി പനങ്ങാങ്ങര, സമസ്ത ജില്ലാ ജനറൽ സെക്രട്ടറി മൊയ്തീൻ ഫൈസി പുത്തനഴി, ഇബ്രാഹിം ഫൈസി തിരൂർക്കാട്, അരിക്കുഴിയിൽ ഉമ്മർ ഫാറൂഖ്, വി പി മുഹമ്മദലി ഹാജി തൃക്കടീരി, അരിക്കുഴിയിൽ ബാപ്പുട്ടി ഫൈസി, കുന്നത്ത് അലി ഹാജി, കല്ലടി അബൂബക്കർ, പുളിയക്കുത്ത് ഹനീഫ, പാതിരമണ്ണ അബ്ദുറഹിമാൻ ഫൈസി, അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം, പറമ്പൂർ മുഹമ്മദ് ബാബു, ഡോ റഷീദ് അഹമ്മദ് പി എന്നിവർ പ്രസംഗിച്ചു.


