കൊച്ചി: ഇന്ത്യയിലേക്കുള്ള എസ്യുവി കള്ളക്കടത്തിന്റെ പ്രധാന കേന്ദ്രമായി പശ്ചിമബംഗാളിലെ ജെയ്ഗോണ്‍ മാറിയിരിക്കുകയാണ്. ഭൂട്ടാന് അതിര്‍ത്തിയോട് ചേര്‍ന്ന ഈ നഗരം മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള കടത്ത് വ്യാപാരത്തിനും മുഖ്യ കേന്ദ്രമാണ്. ഭൂട്ടാനിലെ ഫുന്റ്ഷോലിങ് നഗരത്തിലൂടെ എത്തുന്ന എസ്യുവികള് ജെയ്ഗോണില്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ രജിസ്ട്രേഷനിലേക്ക് മാറ്റി പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നു.
കൊച്ചി കസ്റ്റംസ് പ്രിവന്റീവ് സംഘം നടത്തിയ അന്വേഷണത്തില്‍ കോയമ്പത്തൂരിലെ അന്താരാഷ്ട്ര വാഹനക്കടത്ത് സംഘം ജെയ്ഗോണ്‍ വഴിയാണു പ്രവര്‍ത്തിക്കുന്നതെന്ന് സ്ഥിരീകരിച്ചു. ഹിമാചലിലും അസമിലും രണ്ടാം ഉടമയായി വ്യാജരേഖകള്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ പിന്നീട് കര്‍ണാടക, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ എത്തിച്ച് രൂപമാറ്റം വരുത്തി വില്‍പ്പന നടത്തുന്ന രീതിയാണ് കണ്ടെത്തിയത്. ചില വാഹനങ്ങള്‍ മൂന്നാം, നാലാം ഉടമകളായി വീണ്ടും രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്നു.
ജെയ്ഗോണ്‍, ഫുന്റ്ഷോലിങ് നഗരങ്ങളിലെ ഏജന്റുമാരാണ് ഇത്തരം ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. അതിര്‍ത്തി കടക്കാന്‍ ഇവര്‍ക്ക് കമ്മീഷന് നല്‍കുകയും സ്വര്‍ണം, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മദ്യം, ഇന്ധനം തുടങ്ങി വിവിധ വസ്തുക്കളും ഇവര്‍ വഴിയാണ് കടത്തുന്നത്.
അതേസമയം, ഭൂട്ടാനില്‍ നിന്നുള്ള ആഡംബര വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടന് അമിത് ചക്കാലക്കലിന്റെ യാത്രകളും ഇടപാടുകളും അന്വേഷിക്കാനാണ് കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്. അമിത് പല തവണയായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കു നടത്തിയ യാത്ര കോയമ്പത്തൂര്‍ റാക്കറ്റിലെ അംഗങ്ങളുമായി ബന്ധപ്പെട്ടിരിക്കാമെന്നാണു സംശയം. അദ്ദേഹത്തിന്റെ വിദേശ യാത്രകളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച പരിശോധനയും തുടരുകയാണ്.
അടുത്തിടെ അമിത്തിന്റെ ഗാരേജില്‍ നിന്നു പിടിച്ചെടുത്ത എട്ട് വാഹനങ്ങളില്‍ ഒന്ന് മാത്രമാണ് തന്റേതെന്നു നടന് വ്യക്തമാക്കിയിരുന്നു. ബാക്കി വാഹനങ്ങള്‍ മോഡിഫിക്കേഷന് വേണ്ടി കൊണ്ടുവന്നതാണെന്നും ചിലത് മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവയാണെന്നും അമിത് അവകാശപ്പെട്ടു. എന്നാല്‍ റീ-രജിസ്ട്രേഷന് നടപടികള്‍ നടക്കാത്ത സാഹചര്യത്തില്‍ ഇടനിലക്കാരുമായുള്ള ബന്ധം ശക്തമാണെന്ന നിഗമനത്തിലാണ് കസ്റ്റംസ്.
കോയമ്പത്തൂരില്‍ ആസ്ഥാനമാക്കിയ സംഘത്തെ കഴിഞ്ഞവര്‍ഷം കസ്റ്റംസ് പിടികൂടിയിരുന്നു. തുടര്‍ന്ന് അമിത്തിന്റെ ഗാരേജിലടക്കം നടത്തിയ പരിശോധനകളില്‍ രേഖകളും വാഹനങ്ങളും പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസത്തെ റെയ്ഡിനുശേഷവും അമിത്തിനെ കസ്റ്റംസ് ഓഫീസില്‍ വിളിപ്പിച്ച് മൊഴിയെടുത്തിരുന്നു


