നെടുമ്പാശേരി ഐവിന് ജിജോ കൊലക്കേസില്‍ കുറ്റം സമ്മതിച്ച് പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍. വാഹനം തട്ടിയതിന് പിന്നാലെ ഐവിനെ മര്‍ദിച്ചെന്നും വീഡിയോ പകര്‍ത്തിയത് പ്രോകോപിച്ചെന്നും മൊഴി നല്കി. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഒന്നാം പ്രതി വിനയ്കുമാര്‍ ദാസിനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച അറസ്റ്റ് രേഖപ്പെടുത്തി.
സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അശ്രദ്ധമായി കാറോടിച്ചത് തര്‍ക്കത്തിലേക്കെത്തുകയായിരുന്നെന്ന് രണ്ടാം പ്രതി മോഹന്‍ മൊഴി നല്കി. ഐവിന്റെ കാറില്‍ തട്ടിയതിനു പിന്നാലെയുണ്ടായ വാക്കേറ്റം സംഘര്‍ഷത്തിലേക്കെത്തുകയായിരുന്നു. എന്നാല്‍ എല്ലാം ഐവിന് മൊബൈലില്‍ പകര്‍ത്തി. നാട്ടുകാര്‍ എത്തുന്നതിന് മുമ്പായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഐവിനെ കാര്‍ ഇടിപ്പിച്ചത്.
എന്നാല്‍ ഒരു കിലോമീറ്ററോളം ഐവിനെ ബോണറ്റില്‍ വലിച്ചിഴച്ചിട്ടും വാഹനം നിര്‍ത്താന്‍ പ്രതികള്‍ക്ക് തോന്നിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. വാഹനം ഓടിച്ച വിനയ് കുമാറിന് പുറമേ കൂടെയുണ്ടായിരുന്ന മോഹനനെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.


