ഇസ്രഈലില്‍ വ്യോമതാവളങ്ങളും ആയുധപ്പുരകളും യു.എസ് നിര്‍മിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 250 മില്യണ്‍ ഡോളറിലധികം വരുന്ന പദ്ധതികളാണ് യുഎസ് ലക്ഷ്യമിടുന്നത്. തുടര്‍ പദ്ധതികള്‍ ഒരു ബില്യണ്‍ ഡോളറിലധികം വരുമെന്നും കരുതുന്നു.
പദ്ധതി നേരത്തെ തുടങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇസ്രാഈല്‍-ഇറാന് സംഘര്‍ഷം കാരണം മാറ്റിവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
യു.എസ് ആര്‍മി കോര്‍പ്സ് ഓഫ് എന്‍ജിനിയേഴ്സ് കരാറുകാരെ ഉപയോഗിച്ച് വെടിമരുന്ന് ഡിപ്പോകളും യുദ്ധ വിമാനങ്ങള്‍ക്കും ഹെലികോപ്ടറുകള്‍ക്കും ഇന്ധനം നിറക്കുന്നതിനുള്ള സൗകര്യങ്ങളും ഇസ്രാഈലി സൈനിക താവളങ്ങള്‍ക്കുള്ള കോണ്‍ക്രീറ്റ് ഘടനകളും നിര്‍മിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എയര്‍ ഫീല്‍ഡുകളില്‍ ഉള്‍പ്പെടെ കെട്ടിട അറ്റകുറ്റപ്പണികള്‍ നടത്താന്‍ യു.എസ് കരാറുകാരെ തിരയുന്നുണ്ടെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
വരും വര്‍ഷങ്ങളില്‍ ഇസ്രാഈലിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ബോയിങ് കെ.സി-46 ടാങ്കറുകള്‍ക്കായി ഹാംഗറുകള്‍, അറ്റകുറ്റപ്പണി മുറികള്‍, സംഭരണ സൗകര്യങ്ങള്‍ എന്നിവക്കുള്ള പദ്ധതിക്ക് 100 മില്യണ്‍ ഡോളറിലധികവും സി.എച്ച് ഹെലികോപ്ടറുകള്‍ സ്ഥാപിക്കുന്നതിനുള്ള മറ്റൊരു പദ്ധതിക്ക് 250 മില്യണ്‍ ഡോളര്‍ വരെയും ചെലവ് വരുമെന്ന് കരുതുന്നു.
100 മില്യണ്‍ ഡോളര്‍ വരെ ചെലവ് വരുമെന്ന് കണക്കാക്കപ്പെടുന്ന വെടിമരുന്ന് സംഭരണ കെട്ടിടങ്ങളുടെ നിര്‍മാണത്തിനും യുഎസ് ടെന്‍ഡറുകള്‍ തേടുന്നുണ്ട്. 900 മില്യണ്‍ ഡോളറിന്റെ ഏഴു വര്‍ഷം നീണ്ടുനില്‍ക്കുന്ന മറ്റൊരു ടെന്‍ഡറുമുണ്ട്. ഇസ്രാഈലി പ്രതിരോധ മന്ത്രാലയത്തിനായി വ്യക്തമാക്കാത്ത സ്ഥലങ്ങളിലെ അറ്റകുറ്റപ്പണികള്‍, നിര്‍മാണം, പൊളിക്കല്‍, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.


