അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഇസ്രാഈല്‍ സൈന്യത്തെ ആക്രമിച്ച് ഇസ്രാഈലി പൗരന്മാര്. ആക്രമണത്തില്‍ അപലപിച്ച് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയിരുന്നു. ഫലസ്തീനിയന്‍ ഗ്രാമമായ കഫര്‍ മാലികിലേക്ക് പൗരന്മാര് പോകുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് ഐ.ഡി.എഫ് അറിയിച്ചു. സൈന്യത്തിന്റെ വാഹനങ്ങള്‍ പൗരന്മാര് തീവെച്ച് നശിപ്പിക്കുകയും ചെയ്തു.
അക്രമികളെ പിരിച്ചുവിടാനായി മൂന്ന് തവണ ആകാശത്തിലേക്ക് വെടിവെച്ചുവെന്ന് സൈന്യം അറിയിച്ചു. പിന്നാലെ ആക്രമണം നടത്തിയ ആറ് പേരെയും പൊലീസിന് കൈമാറിയെന്നും ഇസ്രായേല്‍സേന അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണമുണ്ടാവുമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇത്തരക്കാര്‍ ഒരു ചെറുന്യൂനപക്ഷമാണെന്നും ഇസ്രാഈലിലെ ഭൂരിപക്ഷം ജനങ്ങളേയും അവര്‍ പ്രതിനിധീകരിക്കുന്നില്ലെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.


