ഗസ്സ മുനമ്പിലേക്ക് സഹായവുമായി പുറപ്പെട്ട ഗ്ലോബല്‍ സുമൂദ് ഫ്ലോട്ടില്ലക്ക് നേരെയുണ്ടായ ഇസ്രാഈല്‍ സൈനിക നടപടി, ലോക മനസ്സാക്ഷിക്കു മുന്നില്‍ വലിയൊരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. നിരായുധരായ സന്നദ്ധ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും അടങ്ങുന്ന ഒരു കൂട്ടം മനുഷ്യര്‍, പതിറ്റാണ്ടുകളായി ഉപരോധത്തില്‍ ഞെരിഞ്ഞമരുന്ന ജനതക്ക് ആശ്വാസത്തിന്റെ കൈ നീട്ടം നല്കാന് ശ്രമിച്ചപ്പോള്‍, അതിനെ ഇരുപതോളം പടക്കപ്പലുകളുടെ ഉരുക്കുമുഷ്ടികൊണ്ട് നേരിട്ടത് കേവലം സൈനിക നടപടിയായയല്ല കാണേണ്ടത്, മറിച്ച് മനുഷ്യത്വത്തിനെതിരായ കടുത്ത വെല്ലുവിളിയായിതന്നെയാണ് കരുതേണ്ടത്. അന്താരാഷ്ട്ര നിയമങ്ങളെയും മാനുഷിക പരിഗണനകളെയും കാറ്റില്‍പ്പറത്തുന്നതാണ് ഇസ്രാഈലിന്റെ ഈ കിരാത നടപടി.
ഗ്ലോബല്‍ സുമൂദ് ഫ്ലോട്ടില്ലയുടെ ലക്ഷ്യം വ്യക്തമായിരുന്നു; യുദ്ധവും ഉപരോധവും തീര്‍ത്ത മുറിവില്‍ ഒറ്റപ്പെട്ടു പോയ ഫലസ്തീന് ജനതക്ക് ഭക്ഷണവും മരുന്നും എത്തിക്കുക, ഒപ്പം ഗസ്സയിലെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് ലോക ശ്രദ്ധ ക്ഷണിക്കുക. എന്നാല്‍ സമാധാനപരമായ ഈ ഉദ്യമത്തെ ഇസ്രാഈല്‍ കണ്ടത് സുരക്ഷാ ഭീഷണിയായാണ്. ബോട്ടുകള്‍ ബലമായി പിടിച്ചെടുക്കുകയും ആഗോള പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുംബര്‍ഗ് അടക്കമുള്ള സന്നദ്ധ പ്രവര്‍ത്തകരെ തടവിലാക്കുകയും ചെയ്ത നടപടി, തങ്ങളുടെ ക്രൂരമായ ഉപരോധം ലോകത്തിനുമുന്നില്‍ തുറന്നു കാട്ടപ്പെടുമോ എന്ന ഭയത്തില്‍ നിന്നാണ് ഉടലെടുക്കുന്നത്. ഫ്ലോട്ടില്ലയിലെ ഒരു കപ്പലിനെ കടലില്‍ വെച്ച് ഇടിച്ചതും മറ്റു ബോട്ടുകള്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചതും ഈ ഭയത്തിന്റെ പ്രതിഫലനമാണ്. തങ്ങള്‍ തീര്‍ത്ത തുറന്ന ജയിലിലേക്ക് ഒരു തരി സഹായം പോലും എത്തരുതെന്ന നിര്‍ബന്ധബുദ്ധിയാണ് ഈ ആക്രമണത്തില്‍ ഉടനീളം നിഴലിക്കുന്നത്.
ഇസ്രാഈലിന്റെ നടപടി പല സുപ്രധാന ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. അന്താരാഷ്ട്ര സമുദ്രപാതയിലൂടെ സഞ്ചരിക്കാനുള്ള ഒരു കൂട്ടം സിവിലിയന്‍ കപ്പലുകളുടെ അവകാശത്തെ ഒരു സൈനിക ശക്തിക്ക് എപ്രകാരം ഇല്ലാതാക്കാന്‍ കഴിയും ഒരു ജനതയെ ഒന്നടങ്കം ശിക്ഷിക്കുന്ന ‘കൂട്ടശിക്ഷ’യായ ഗസ്സ ഉപരോധം നിയമവിരുദ്ധമാണെന്ന് ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള വേദികള്‍ ആവര്‍ത്തിക്കുമ്പോഴും, ആ ഉപരോധം ഭേദിക്കാനുള്ള മാനുഷിക ശ്രമങ്ങളെപ്പോലും കടല്‍ക്കൊള്ളയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ അടിച്ചമര്‍ത്തുന്നത് എന്ത് നിയമത്തിന്റെ പിന്‍ബലത്തിലാണ് സുരക്ഷയുടെ പേര് പറഞ്ഞ് ഏത് നിയമലംഘനവും നടത്താന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന ഇസ്രാഈലിന്റെ ധാര്‍ഷ്ട്യമാണ് ഇവിടെ പ്രകടമാകുന്നത്.
പായ്ക്കപ്പലുകളും ബോട്ടുകളുമുപയോഗിച്ച് ഗസ്സയിലേക്ക് സഹായം എത്തിക്കാന്‍ ശ്രമിക്കുന്ന സംഘടനയാണ് ജി.എസ്.എഫ്. 44 ബോട്ടുകളുള്ള ഗ്ലോബല്‍ സുമൂദ് ഫ്ലോട്ടിലയില്‍ 500 ലധികം ആക്ടിവിസ്റ്റുകളാണുള്ളത്. ഗസ്സ തീരത്ത് നിന്ന് 70 നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് ഇസ്രാഈല്‍ നാവികസേന ഫ്ളോട്ടില്ലയെ തടഞ്ഞത്. വ്യാഴാഴ്ച രാവിലെയോടെ ഗസ്സയില്‍ എത്തുമെന്നായിരുന്നു സംഘം പ്രതീക്ഷിച്ചിരുന്നത്. ഇസ്രാഈല്‍ ഫ്ളോട്ടില്ലയെ തടഞ്ഞതില്‍ ലോകത്താകമാനം വന്‍ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ജീവകാരുണ്യ സഹായം നല്കാന് നിരായുധരായി പുറപ്പെട്ട സംഘത്തെ അന്താരാഷ്ട്ര സമദ്രാതിര്‍ത്തിയില്‍ തടഞ്ഞത് ആഗോള നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഫ്ലോട്ടില സംഘാടകര്‍ കുറ്റപ്പെടുത്തി. ഗ്രീസ്, ഇറ്റലി, ടുണീഷ്യ, തുര്‍ക്കി എന്നിവിടങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നു. റോം, ബ്രസല്‍സ്, ഇസ്തംബൂള്‍ നഗരങ്ങളില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി. രാജ്യവ്യാപക ബന്ദിന് ഇറ്റലിയിലെ പ്രധാന തൊഴിലാളി യൂണിയന് ആഹ്വാനം ചെയ്തു. ഫ്ലോട്ടില തടഞ്ഞ നടപടി അംഗീകരിക്കാനാവില്ലെന്ന് യു.എന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ ഫ്രാന്‍സെസ്ക അല്‍ബനീസ് വ്യക്തമാക്കി കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ രാജ്യത്ത് അവശേഷിക്കുന്ന എല്ലാ ഇസ്രാഈലി നയതന്ത്രജ്ഞരെയും പുറത്താക്കുകയും സംഭവത്തെ നെതന്യാഹുവിന്റെ അന്താരാഷ്ട്ര കുറ്റകൃത്യം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. 2020 മുതല്‍ നിലവിലുള്ള ഇസ്രാഈലുമായുള്ള കൊളംബിയയുടെ സ്വതന്ത്ര വ്യാപാര കരാറും പെട്രോ റദ്ദാക്കി. ഫ്ലോട്ടില്ലയിലുണ്ടായിരുന്ന രണ്ട് കൊളംബിയക്കാരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു.
ഗ്ലോബല്‍ സുമുദ് ഫ്ലോട്ടില്ല പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചതുപോലെ, ഗസ്സ പട്ടിണിയിലും ഒറ്റപ്പെടലിലും തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ അധിനിവേശ ശക്തി ഏതറ്റം വരെയും പോകുമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. ലോകമെമ്പാടും പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും, പ്രമുഖ ലോക ശക്തികള്‍ പാലിക്കുന്ന അര്‍ത്ഥഗര്‍ഭമായ മൗനം നിരാശാജനകമാണ്. ഈ മൗനമാണ് ഇത്തരം നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇസ്രാഈലിന് പ്രചോദനമാകുന്നത്. ഇത് കേവലം കുറച്ച് ബോട്ടുകള്‍ പിടിച്ചെടുത്തതിന്റെ മാത്രം പ്രശ്നമല്ല മറിച്ച്, ഒരു ജനതയുടെ അതിജീവനത്തിനുള്ള അവകാശത്തെയും അവര്‍ക്ക് സഹായമെത്തിക്കാനുള്ള ലോകത്തിന്റെ ശ്രമങ്ങളെയും നിഷേധിക്കുന്നതിനെക്കുറിച്ചുള്ളതാണ്. തടവിലാക്കപ്പെട്ട സന്ന ദ്ധപ്രവര്‍ത്തകരുടെ മോചനത്തിനും പിടിച്ചെടുത്ത ബോട്ടുകള്‍ വിട്ടുകിട്ടുന്നതിനും അപ്പുറം, ഗസ്സയിലെ മനുഷ്യത്വരഹിതമായ ഉപരോധം അവസാനിപ്പിക്കാനുള്ള ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദ്ദമാണ് ഇനി ഉയരേണ്ടത്. അല്ലെങ്കില്‍, സമാധാനത്തിന്റെ വെള്ളക്കൊടി ഉയര്‍ത്തി വരുന്ന കപ്പലുകളെ യുദ്ധക്കപ്പലുകള്‍ കൊണ്ട് നേരിടുന്ന ദുരന്ത ചിത്രം ചരിത്രത്തില്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കും. ഗസ്സയുടെ കണ്ണീരിന് അറുതിവരുത്താന്‍ ലോകം ഇനിയെങ്കിലും ഒരുമിക്കേണ്ടിയിരിക്കുന്നു.


