ഖത്തറിലെ ദോഹയില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ ആഭ്യന്തര സുരക്ഷാ സേനയിലെ (ലെഖ്വിയ) അംഗമായ വാറന്റ് കോര്‍പറല്‍ ബദര്‍ സാദ് മുഹമ്മദ് അല്‍ ഹുമൈദി അല്‍ ദൊസരി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ആഭ്യന്തര മന്ത്രാലയം.
ദോഹയിലെ ഹമാസ് നേതാക്കള്‍ താമസിക്കുന്ന റെസിഡന്‍ഷല്‍ ആസ്ഥാനം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ദോഹയില്‍ നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിന് പിന്നാലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനും താമസക്കാരുടെയും മേഖലയിലെയും സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഖത്തര്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പൊതുജനം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്കി.
ഇസ്രാഈലിന്റെ നടപടി ഭീരുത്വമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. സംഭവത്തില്‍ ഇസ്രാഈലിന്റെ ആക്രമണത്തെ അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ രംഗത്തുവന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്രാഈല്‍ ഏറ്റെടുത്തിട്ടുണ്ട്. ഹമാസിന്റെ മുതിര്‍ന്ന നേതാക്കളെ ലക്ഷ്യമിട്ട് ഇന്ന് നടത്തിയ സൈനിക നടപടി പൂര്‍ണമായും സ്വതന്ത്രമായ ഒരു ഇസ്രഈലി ഓപറേഷനായിരുന്നു എന്ന് പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹു പ്രതികരിച്ചത്. . മുന്‍കൂട്ടി പദ്ധതിയിട്ട് നടത്തിയ ആക്രമണത്തെ കുറിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അറിവുണ്ടായിരുന്നെന്നും അദ്ദേഹം എല്ലാ പിന്തുണയും നല്‍കിയിരുന്നതായും ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


