ഗസ്സയില്‍ ഇസ്രാഈലിന്റെ നരഹത്യ തുടരുന്നു. ഇന്നലെ മാത്രം 78 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
ഹമാസ് സായുധവിഭാഗം വക്താവ് അബൂ ഉബൈദയെയും, യഹ്യ സിന്‍വാറിന്റെ സഹോദരനെയും വധിച്ചതായി ഇസ്രാഈല്‍ അവകാശപ്പെടുന്നുണ്ട്. ഇതിനിടെ പ്രധാനമന്ത്രിയുടെ കൊലപ്പെടുത്തിയതില്‍ പകരം വീട്ടുമെന്ന് യെമന്‍ ഹൂതികള്‍, ഇസ്രാഈലിന് മുന്നറിയിപ്പ് നല്കി.
ഗസ്സയില്‍ ഇന്നലെ മാത്രം കൊല്ലപ്പെട്ട 78 ഫലസ്തീനികളില്‍, 32 പേര് ഭക്ഷണം തേടിയെത്തിയവരാണ്. ഗസ്സ സിറ്റിയില്‍ ഇസ്ലാം മുഹാരിബ് ആബിദ് എന്ന മാധ്യമ പ്രവര്‍ത്തകനെയും ഇസ്രാഈല്‍ വധിച്ചു.
ദേര്‍ അല്‍ ബലാഹ്, സബ്റ എന്നിവിടങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര് കൊല്ലപ്പെട്ടു.
ഇതോടെ ഗസ്സയില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം 247 ആയി. ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ് വക്താവ് അബൂ ഉബൈദയെ കൊലപ്പെടുത്തിയതായി ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രാഈല്‍ കാറ്റ്സും അവകാശപ്പെട്ടു. വാര്‍ത്ത ഹമാസ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം യഹ്യ സിന്‍വാറിന്റെ സഹോദരനും ഫലസ്തീന് പോരാളിയുമായ മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു.


