ഇസ്രാഈല്‍ – ഇറാന് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അമേരിക്ക പ്രവേശിച്ചതോടെ കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ് പശ്ചിമേഷ്യ. അമേരിക്ക ഇസ്രാഈലിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചു.
ഇതോടെ പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ ഇറാന് വിദേശ്യകാര്യ മന്ത്രി റഷ്യയിലേക്ക്. ഇന്ന് മോസ്കോയിലേക്ക് പറക്കുമെന്നും തിങ്കളാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്നും ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ‘റഷ്യ ഇറാന്റെ സുഹൃത്തും തന്ത്രപരമായ പങ്കാളിയുമാണ്. ഞങ്ങള്‍ എപ്പോഴും പരസ്പരം കൂടിയാലോചിക്കുകയും നിലപാടുകള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്നു’ അരാഗ്ചി പറഞ്ഞു.
ശത്രുത അവസാനിപ്പിക്കാന്‍ തുര്‍ക്കി മധ്യസ്ഥത വഹിക്കാന്‍ സാധ്യതയുള്ളതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗനുമായി ഫലപ്രദമായ കൂടിക്കാഴ്ചകള്‍ നടത്തിയതായും ഇറാന് വിദേശകാര്യ മന്ത്രി പറഞ്ഞു. ഇറാനെതിരായ യുഎസ് ഭീഷണികള്‍ തടയേണ്ടത് മുഴുവന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാജ്യത്തിന്റെ ആണവ പരിപാടി പൂര്‍ണ്ണമായും സമാധാനപരമായി തുടരുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.


