ഗസ്സയിലെ നരനായാട്ടിന് പിന്നാലെ കരയുദ്ധം തുടങ്ങുമെന്ന് സൂചന നല്കി ഇസ്രാഈല്‍. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 413 പേര് ഇന്നലെ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ കിഴക്കന്‍ ഗസ്സയില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രാഈല്‍ സേന നിര്‍ദേശിച്ചു. വെടിനിര്‍ത്തല്‍ ചര്‍ച്ച പരാജയപ്പെട്ടതിന്റെ ഉത്തരവാദി ഹമാസെന്ന് യുഎസ് കുറ്റപ്പെടുത്തി.
താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് മുന്നറിയിപ്പില്ലാതെ ഗസ്സക്കു നേരെ ഇസ്രാഈല്‍ നടത്തിയ കൂട്ടക്കൊരുതിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 413 ആയി. 660ലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി സ്ത്രീകളും കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും. ബന്ദികളെ കൈമാറാന്‍ തയാറായില്ലെങ്കില്‍ മാരകമായ ആക്രമണമായിരിക്കും നടക്കുയെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹു ഹമാസിന് താക്കീത് നല്കി. ഗസ്സയുടെ വിവിധ ഭാഗങ്ങളില്‍ വ്യോമാക്രമണം തുടരുന്നതിനൊപ്പം കരയാക്രമണത്തിനുള്ള ഒരുക്കങ്ങളും ഇസ്രാഈല്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ബയ്ത് ഖാനൂന്‍ ഉള്‍പ്പെടെ കിഴക്കന്‍ ഗസ്സയില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞു പോകാന്‍ ഇസ്രാഈല്‍ സേന മുന്നറിയിപ്പ് നല്കി. ഹമാസനെ അമര്‍ച്ച ചെയ്യുക, ഇസ്രഈല്‍ സുരക്ഷ ഉറപ്പാക്കുക എന്നിവയും യുദ്ധലക്ഷ്യങ്ങളാണെന്ന് നെത്യാഹു പറഞ്ഞു.
ട്രംപിന്റെ പൂര്‍ണ പിന്തുണയോടെയാണ് ഇസ്രാഈലിന്റെ ഈ നരനായാട്ട്. ഇസ്രാഈലിനെയും അമേരിക്കയെയും ഭീതിയിലാക്കാന്‍ ഉദ്ദേശിക്കുന്ന ഹമാസും ഹൂതികളുമടക്കം വിലനല്‍കേണ്ടിവരുമെന്ന് വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു. ഗസ്സയിലെ കൂട്ടക്കുരുതിക്ക് അമേരിക്ക ഉത്തരവാദിയാണെന്നും അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടി സ്വീകരിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.


