ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രാഈല്‍. ഏറ്റവും ഒടുവിലത്തെ ആക്രമണത്തില്‍ 54 പേര് കൊല്ലപ്പെട്ടു. വടക്കന്‍ ഗസ്സയിലെ ഏക ഡയാലിസിസ് സെന്ററും ഇസ്രാഈല്‍ ബോംബാക്രമണത്തില്‍ തകര്‍ത്തു.
ഫലസ്തീന് ആരോഗ്യ മന്ത്രാലയം ബെയ്ത് ലാഹിയയിലുള്ള നൂറ അല്‍-കാബി കിഡ്നി ഡയാലിസിസ് സെന്ററില്‍ ഇസ്രാഈല്‍ ബോംബാക്രമണം നടത്തിയതായി വ്യക്തമാക്കി. വൃക്ക തകരാറിലായ 160ലധികം രോഗികളെ ഇവിടെ ചികിത്സിച്ച് വരികയായിരുന്നു. ഇന്തോനേഷ്യന്‍ ആശുപത്രിയുടെ ഭാഗമാണ് ഈ ഡയാലിസിസ് കേന്ദ്രം,
നേരത്തെ, കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിനെ തുടര്‍ന്ന് ഇത് അടച്ചിരുന്നു. ഇതിന് ശേഷം വീണ്ടും തുറന്ന് ഒരാഴ്ച പിന്നിടവേയാണ് ഇസ്രാഈല്‍ ബോംബിട്ട് തകര്‍ത്തതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറല്‍ മുനീര്‍ അല്‍-ബര്‍ഷ് വ്യക്തമാക്കി.
ഇന്ധനവും ആവശ്യത്തിന് മരുന്നുകളും ഇല്ലാത്തതിനാല്‍ തന്നെ സെന്ററിന്റെ പ്രവര്‍ത്തനം ഭാഗികമായാണ് പ്രവര്‍ത്തിച്ചിരുന്നത്. അതേസമയം, ഡയാലിസിസ് സെന്ററുകളിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടതിനാല്‍ തന്നെ വൃക്ക രോഗികളില്‍ 41 ശതമാനവും യുദ്ധകാലത്ത് തന്നെ മരിച്ചിരുന്നു. ഇതിനിടെയാണ് കേന്ദ്രം തന്നെ, ഇസ്രാഈല്‍ ബോംബിട്ട് തകര്‍ക്കുന്നത്.


