പാകിസ്താന് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ബിഎസ്എഫ് ജവാനെ പാക് റേഞ്ചേഴ്സ് മാനസികമായി പീഡിപ്പിച്ചെന്ന് സൂചന. അബദ്ധത്തില്‍ അതിര്‍ത്തി കടന്നതിനാണ് ശിക്ഷ. കേന്ദ്ര ഏജന്‍സികള്‍ പി കെ ഷാ എന്ന ജവാനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയാണ്. കൂടുതല്‍ സമയവും തന്റെ കണ്ണ് പാക് റേഞ്ചേഴ്സ് മൂടിക്കെട്ടിയിരുന്നുവെന്നും ഉറങ്ങാന്‍ പോലും അനുവദിച്ചില്ലെന്നും അസഭ്യം പറഞ്ഞെന്നും ജവാന് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
21 ദിവസമാണ് ജവാന് പാക് കസ്റ്റഡിയില്‍ കഴിയേണ്ടി വന്നത്. ഇന്ത്യ-പാക് സംഘര്‍ഷ സമയത്തും ഇയാള്‍ കസ്റ്റഡിയില്‍ തന്നെയായിരുന്നു. ഈ സമയങ്ങളില്‍ ഒന്ന് പല്ല് തേക്കാന്‍ പോലും അനുവദിച്ചില്ലെന്നും തന്നെ അവര്‍ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും ജവാന് വ്യക്തമാക്കി.
മൂന്ന് സ്ഥലങ്ങളിലേക്ക് ഇദ്ദേഹത്തെ കൊണ്ടുപോയി. അതെവിടെയാണെന്ന് കാണാനോ മനസിലാക്കാനോ കഴിയുമായിരുന്നില്ല. ഒരു സ്ഥലം എയര്‍ബേസിന് അടുത്താണെന്ന് വിമാനങ്ങളുടേയും മറ്റും ശബ്ദം കേട്ട് അദ്ദേഹം മനസിലാക്കി. ഇന്ത്യ-പാക് വെടിനിര്‍ത്തലിന് പിന്നാലെയാണ് പി കെ ഷായെ പാകിസ്താന് ഇന്ത്യക്ക് കൈമാറിയത്.


